Tuesday, January 27, 2009

നൊമ്പരം

ഉള്ളിലെവിടെയൊ ഒരു തേങ്ങല്‍..പതിവില്ലാതെ ഇന്നെന്തോ ബിജുവേട്ടനെ വല്ലാതെ ഓര്‍മവരുന്നു. കുറെ നേരം രേണുവാന്റിയുമായി സംസാരിച്ചതോണ്ടാവണം.

ബിജുവേട്ടന്‍ എന്ന്‌ ഞാന്‍ വിളിക്കുന്നെന്നേയുള്ളു. എന്റെ അമ്മയുടെ ഇളയ അനിയനാണ്‌. അമ്മാമനെക്കേറി ചേട്ടാന്ന്‌ വിളിക്കുന്നു അത്രമാത്രം..അതിനുകുഴപ്പമില്ല, '' അപ്പനെ കേറി തോമസുകുട്ടീ ന്ന്‌ വിളിക്കരുതെന്നാണ്‌ '' പ്രമാണമെന്ന്‌ ബിജുവേട്ടനും പറയുമായിരുന്നു.

പി.ജി. പഠനത്തിനായി വീട്ടില്‍നിന്നും മാറി ദൂരെ ഹോസ്‌റ്റലിലായിരുന്നു എന്റെ താമസം. മിക്കവാറും ആഴ്‌ചയിലൊരിക്കല്‍ അമ്മയുടെ തറവാട്ടിലേക്കുപോകും. അവിടെനിന്ന്‌ ദൂരം വളരെ കുറവാണെന്ന്‌ കാരണമായി ഞാന്‍ മറ്റുള്ളവരോട്‌ പറയും. ഇളയമ്മയുടെ മകള്‍ സ്‌നേഹയും ഞാനും തമ്മില്‍ ശങ്കര്‍സിമന്റിന്റെ ഉറപ്പുള്ള സുഹൃത്‌ബന്ധമായിരുന്നു ഇതിന്റെ പിന്നിലെ യഥാര്‍ഥ രഹസ്യം.

ചെറുപ്പത്തില്‍ പാമ്പും കീരിയുമായിരുന്നു ഞങ്ങള്‍. എന്റെ ഇരുനിറത്തിനു സമീപം അവളുടെ വെളുവെളുത്ത തൊലിയുമായി നില്‍ക്കുമ്പോള്‍ കോംപ്ലക്‌സ്‌ എവിടെനിന്നോ ഓടിയെത്തുമായിരുന്നു. വെയിലത്ത്‌ കളിച്ചുതിരിച്ചുവരുമ്പോള്‍ ഞാന്‍ കറുക്കും, അവള്‍ ചുവക്കും..എങ്ങനെ അസൂയ തോന്നാതിരിക്കും! എന്റെ അസൂയ തിരിച്ചറിഞ്ഞിട്ടാന്നുതോന്നുന്നു ബിജുവേട്ടന്‍ ഇടയ്‌ക്ക്‌ പറയും 'മോളൂ..നിനക്ക്‌ ഇവളേക്കാളും നിറം കുറവാന്നേ ഉള്ളു..നീയും സുന്ദരിയാ'..അത്‌ കേള്‍ക്കുമ്പോള്‍ സന്തോഷം കൊണ്ട്‌ എന്റെ ഉണ്ടക്കണ്ണുകള്‍ പുറത്ത്‌ ചാടുമായിരുന്നെന്ന്‌ പിന്നീടൊരിക്കല്‍ ബിജുവേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌.

വലുതായപ്പോള്‍ എന്റെ അസൂയ അലിഞ്ഞില്ലാതായി. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരികളായി. അതിന്‌ നിമിത്തമായത്‌ രേണുവാന്റി തന്നെയാണ്‌. അത്‌ എനിക്കും അവള്‍ക്കും അറിയാം. അതെ, ആന്റി വന്നതോടെ തന്നെയാണ്‌ ഞങ്ങളുടെ ബന്ധത്തിനും എന്റെ യാത്രകള്‍ക്കും ആക്കം കൂടിയത്‌.

ആന്റിയെന്നാല്‍ ബിജുവേട്ടന്റെ ഭാര്യ. അഞ്ചുവയസ്സിന്റെ വ്യത്യാസമേ ഞങ്ങള്‍ തമ്മിലുള്ളുവെന്നത്‌ വേറെ സത്യം. ചേച്ചി എന്നാണ്‌ ആദ്യം വിളിച്ചിരുന്നത്‌. പിന്നെ കരുതി, ആകെയുള്ള അമ്മായിയല്ലേ..സ്ഥാനത്തിനൊട്ടും കുറവുവരുത്തേണ്ട എന്ന്‌. ഒരിക്കല്‍ സ്‌നേഹ വിളിക്കുന്നതുകേട്ടു ആന്റീന്ന്‌..പിന്നെ ഞാനും ആ വിളി ഏറ്റെടുത്തു.എന്റെ തറവാട്‌ യാത്രകളിലെ കാത്തിരിപ്പുകള്‍ക്കു കാരണമായി ആന്റിയും മാറി. ഞങ്ങള്‍ മൂന്നുപേരും കൂടി തറവാട്ടില്‍ പഴയ ബഹളം തിരിച്ചുകൊണ്ടുവന്നെന്ന്‌ ഇളയമ്മ എപ്പോഴും പറയുമായിരുന്നു.

ഒരു വര്‍ഷംകൂടി കടന്നുപോയി. ഞാന്‍ അവസാനവര്‍ഷ ബിരുദാനന്തര ബിരുദത്തിന്‌ പഠിക്കുന്നു. വിഷയം പത്രപ്രവര്‍ത്തനമാണെന്നതിനാല്‍ യാത്രകള്‍ക്ക്‌ ''വിഷയംതേടിയുള്ള യാത്രകള്‍ എന്ന്‌ പരിവേഷവും നല്‍കി. ഇതിനിടെ തറവാട്ടില്‍ ഒരു പൊന്നോമന കൂടി വിരുന്നിനെത്തി. അവളെ കളിപ്പിക്കുന്നതിലും കുളിപ്പിക്കുന്നതിലും ഞങ്ങള്‍ മത്സരിച്ചു.

അന്ന്‌ ഒരു തിങ്കളാഴ്‌ചയായിരുന്നു. എനിക്ക്‌ തിരിച്ച്‌ ഹോസ്‌റ്റലിലേക്ക്‌ പോവേണ്ട ദിവസം. പുലര്‍ച്ചെയുള്ള ട്രെയിനിനാണ്‌ യാത്ര. നാലുമണിക്ക്‌ എണീറ്റ്‌ മടിച്ചുമടിച്ചാണെങ്കിലും കുളിച്ചു. ഒരു കാലി കാപ്പിയും അടിച്ച്‌ ആന്റിയോട്‌ യാത്ര പറഞ്ഞു. സ്‌നേഹയെ ആ നേരത്ത്‌ ഉണര്‍ത്തിയാല്‍ ചവിട്ട്‌ കിട്ടും. അതോണ്ട്‌ മോള്‍ക്കൊരു ഉമ്മയും കൊടുത്ത ബിജുവേട്ടന്റെ കൂടെ സ്റ്റേഷനിലേക്ക്‌..

''നിനക്ക്‌ ഇന്ന്‌ തന്നെ പോണോ മോളേ.. നീ വരുമ്പോള്‍ ഇവിടെയുള്ളോര്‍ക്കൊക്കെ നല്ല രസാണ്‌..പ്രത്യേകിച്ച്‌ രേണൂന്‌..നീയും സ്‌നേഹയും രേണൂം ചേരുമ്പോള്‍ ..''
അന്ന്‌ സ്റ്റേഷനിലെത്തിയപ്പോള്‍ ബിജുവേട്ടന്‍ പറഞ്ഞു. പെട്ടന്ന്‌ എന്തോ ഓര്‍ത്തിട്ടെന്നപോലെ നിര്‍ത്തി. എന്നിട്ട്‌ പിന്നേം തുടര്‍ന്നു, നിന്റെ അമ്മേം അച്ഛനേം കാണാന്‍ കൊതിയാകുന്നു. എത്ര മാസമായി അവരെ ഒന്ന്‌ കണ്ടിട്ട്‌. എനിക്ക്‌ അമ്മേടെ സ്ഥാനത്താ എന്റെ ചേച്ചി. ഏതായാലും ഈ ക്രിസ്‌മസ്‌ വെക്കേഷന്‍ നമുക്ക്‌ അവിടെ അടിച്ചുപൊളിക്കാം-

കുതിച്ചുവന്ന വണ്ടി കിതച്ച്‌ കിതച്ച്‌ നിര്‍ത്തി. പതിവുപോലെ എനിക്കായി സീറ്റ്‌ കാത്ത്‌ വെച്ച്‌ സനിയും ശ്രീയും ഉണ്ടായിരുന്നു. എല്ലാ ആഴ്‌ചയും വീട്ടില്‍ പോകാന്‍ ഭാഗ്യം സിദ്ധിച്ചവര്‍!!! ആട്ടവും പാട്ടുമായി ഞങ്ങള്‍ നീങ്ങി. സ്റ്റേഷനിലെത്തി ഓട്ടോ പിടിച്ച്‌ താമസ സ്ഥലത്തെത്തി.

പതിവിനു വിപരീതമായി ഹോസ്‌റ്റലിലെ ആന്റി ആരെയോ കാത്ത്‌ നില്‍ക്കുന്നതുപോലെ വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്നു. വന്ന പടി വാടിയ ഒരു ചിരി എനിക്ക്‌നേരെ നീട്ടി അവര്‍ ചോദിച്ചു.
'വണ്ടിയില്‍ തിരക്കണ്ടായിരുന്നോ?'
'ഉം..എന്നാലും ഇരിക്കാന്‍ സീറ്റ്‌ കിട്ടി.'
അമ്മേടെ നേരെ അനിയനാണോ ബിജു?അടുത്ത ചോദ്യം.
ഇതെന്താ ഇങ്ങനെയൊക്കെ എന്ന്‌ ഞാന്‍ മനസ്സില്‍ കരുതാതിരുന്നില്ല. വണ്ടിയിറങ്ങിയാലുടന്‍ വീട്ടിലേക്ക്‌ വിളിക്കണമെന്നാ ഉത്തരവ്‌. പലപ്പോഴും ഞാനത്‌ ചെയ്യാറില്ല. ചിലപ്പോള്‍ ബിജുവേട്ടന്‍ വിളിച്ചുകാണുമായിരിക്കും..

ചെറിയ ചിരിയില്‍ ' അതെ' എന്നുത്തരം പറഞ്ഞ്‌ ഞാന്‍ അകത്തേക്ക്‌ കേറി. റൂമിലെ മറ്റ്‌ കശ്‌മലകളെല്ലാം ഇതെന്താ കൂടിയിരുന്നിത്ര ചര്‍ച്ച? മനസ്സില്‍ മൊത്തത്തില്‍ ഒരു സംശയം തോന്നാതിരുന്നില്ല. ആന്റി പുറകെത്തന്നെയുണ്ട്‌. അവര്‍ കരയുന്നുണ്ടോ? എന്റെ ഹൃദയം മിടിച്ചുതുടങ്ങി..
മോളെ..അത്‌ പിന്നെ..നിന്നെ വണ്ടികയറ്റി തിരിച്ചുപോകും വഴി ബിജുവിന്‌ ഒരു ആക്‌സിഡന്റ്‌...
അമ്മേ.. ഞാന്‍ ഉറക്കെ നിലവിളിച്ചോ..തല കറങ്ങുന്നോ..ഒന്നും അറിയുന്നില്ല..ഒരു മരവിപ്പ്‌ മാത്രം.
മോളെ കൂടെക്കൂട്ടാന്‍ മോഹനന്‍ ചേട്ടന്‍ വരുന്നുണ്ട്‌. (എന്റെ അവിടത്തെ ലോക്കല്‍ ഗാര്‍ഡിയനും അച്ഛന്റെ പ്രിയ സുഹൃത്തുമാണ്‌ മോഹനന്‍ അങ്കിള്‍). ആരോ എനിക്ക്‌ ഒരു കപ്പ്‌ കാപ്പി കൊണ്ടുവന്നു തന്നു. ഭക്ഷണം കഴിച്ചിട്ടില്ല. കഴിക്കാന്‍ പറ്റുന്നില്ല. അങ്കിള്‍ കാറില്‍ വന്ന്‌ എന്നെയും കൊണ്ട്‌ പോയി. മനസ്സില്‍ അപ്പോഴേ ഞാന്‍ ഏതാണ്ട്‌ ഉറപ്പിച്ചിരുന്നു. തറവാട്ടില്‍ നിറയെ ആള്‍ക്കൂട്ടം. ഞാന്‍ പതുക്കെ അകത്തേക്ക്‌ ചെന്നു. തികഞ്ഞ നിശബ്ദതയില്‍ എന്നെക്കണ്ടതും സ്‌നേഹ അലറിക്കരഞ്ഞു. കണ്ണീരൊലിക്കുന്നുണ്ടെങ്കിലും എനിക്ക്‌ ഉറക്കെ കരയാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുകള്‍ തേടിയത്‌ ആന്റിയെയായിരുന്നു. ബോധമില്ലാതെ കിടക്കുന്ന ആന്റിയില്‍ എന്റെ കണ്ണുടക്കി. കരച്ചില്‍ അടക്കി സ്‌നേഹയും അടുത്തെത്തി. ആന്റിയെ ഞാന്‍ പതുക്കെ തലോടി..പെട്ടന്നു തിരിച്ചറിഞ്ഞ പോലെ ആന്റി ചാടിയെണീറ്റ്‌ ചോദിച്ചു,
എവിടെ ബിജുവേട്ടന്‍? രാവിലെ നിന്നെ കൊണ്ടാക്കാന്‍ പോയിട്ട്‌ ചായേം കൂടെ കുടിക്കാന്‍ വന്നിട്ടില്ല. നീയെന്താ പോവാഞ്ഞെ? ട്രെയിന്‍ കിട്ടിയില്ലേ? ..ചോദ്യവും പറച്ചിലുമെല്ലാം ഒറ്റ ശ്വാസത്തിലായിരുന്നു. പോസ്‌റ്റ്‌മാര്‍ട്ടം കഴിഞ്ഞ്‌ ബോഡി എത്തിയിരുന്നില്ല. എന്തുപറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അടുത്തുകിടന്ന എന്റെ അമ്മയും ഇളയമ്മയും ഒരുപോലെ നിലവിളിച്ചു..മോളേ..എന്റെ ബിജുമോന്‍.??പിന്നെ കൂട്ടക്കരച്ചിലിന്റെ ശബ്ദത്തില്‍ തറവാട്‌ മുങ്ങി.

വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ബിജുവേട്ടന്റെ മകള്‍ മിടുക്കിയായി സ്‌കൂളില്‍പോകുന്നു. ബിജുവേട്ടന്‍ പഠിപ്പിച്ചിരുന്ന എഞ്ചിനിയറിങ്‌ കോളേജില്‍ ലൈബ്രേറിയനാണ്‌ ഇന്ന്‌ രേണു ആന്റി. കുടുംബം വീണ്ടും താളം വീണ്ടെടുക്കുന്നു. വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ മാറ്റിവെച്ച്‌ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്‌. തറവാട്ടിനടുത്തുള്ള അംബലത്തിലെ ഉത്സവത്തിന്‌. ഞാനും സ്‌നേഹയും ആന്റിയും പണ്ടത്തെപ്പോലെ..

ഈ വര്‍ഷത്തെ ഉത്സവം അടുത്ത മാസം 17നാണ്‌. അതുപറയാനാണ്‌ ആന്റി വിളിച്ചത്‌. കൂടെ മോളുടെ പഠിത്തത്തെക്കുറിച്ചും ജോലിയെക്കുറിച്ചും..പിന്നെ സംസാരത്തിനിടയ്‌ക്ക്‌ അടുത്തവീട്ടിലെ കുട്ടന്‍ ചേട്ടന്റെ മരണത്തെക്കുറിച്ച്‌ പറഞ്ഞപ്പോളെപ്പോഴോ അറിയാതെ കടന്നുവന്ന ബിജുവേട്ടന്റെ മരണത്തെക്കുറിച്ച്‌..വാക്കുകള്‍ക്കിടയില്‍ ആ മനസ്സ്‌ തേങ്ങുന്നത്‌ ഞാന്‍ ദൂരെയിരുന്ന്‌ അറിഞ്ഞു.
മനസ്സിന്റെ മുറിവുകള്‍ക്ക്‌ ആഴം കൂടും, പ്രത്യേകിച്ച്‌ അത്‌ ഹൃദയത്തിന്റെ സ്വന്തം മുറിവുകളാകുമ്പോള്‍. വേദന..മനസ്സില്‍ കൊളുത്തിവലിക്കുന്നപോലെ!!!

3 comments:

Typist | എഴുത്തുകാരി said...

എങ്കിലും കാലം മായ്ച്ചുകളഞ്ഞില്ലേ ആ വേദനയെ ഒരു പരിധി വരെയെങ്കിലും.

HABEEB said...

nice

റിനി ശബരി said...

''നിനക്ക്‌ ഇന്ന്‌ തന്നെ പോണോ മോളേ.. നീ വരുമ്പോള്‍ ഇവിടെയുള്ളോര്‍ക്കൊക്കെ നല്ല രസാണ്‌..പ്രത്യേകിച്ച്‌ രേണൂന്‌..നീയും സ്‌നേഹയും രേണൂം ചേരുമ്പോള്‍ ..''
അന്ന്‌ സ്റ്റേഷനിലെത്തിയപ്പോള്‍ ബിജുവേട്ടന്‍ പറഞ്ഞു.....

മനസ്സിന്റെ മുറിവുകള്‍ക്ക്‌ ആഴം കൂടും, പ്രത്യേകിച്ച്‌ അത്‌ ഹൃദയത്തിന്റെ സ്വന്തം മുറിവുകളാകുമ്പോള്‍. വേദന..മനസ്സില്‍ കൊളുത്തിവലിക്കുന്നപോലെ!!!

കണ്ണു നിറഞ്ഞു .............മനസ്സില്‍ തട്ടിയ വരികള്‍ ... ഉള്ളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊ ഒന്ന് ....... അവരവരുടെ നഷ്ടം എത്ര വലുതാണെന്ന് എത്ര കാലം കഴിഞ്ഞാലും ഒരൊ നിമിത്തങ്ങള്‍ നമ്മേ ഓര്‍മിപ്പിക്കുന്നു ............