Friday, April 24, 2009

ഇത്‌ കേരളമാണോ?

ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം...
കേരളമെന്നുകേട്ടാലോ തിളയ്‌ക്കണം ചോര
നമുക്കു ഞരമ്പുകളില്‍
എന്നാണ്‌ ഞാന്‍ വായിച്ചിട്ടുള്ളതും പഠിച്ചിട്ടുള്ളതും..
ഇത്‌ ചോരത്തിളപ്പിന്റെ അധിക പ്രഭാവമാണെന്നുതോന്നുന്നു..
ഒരു പാര്‍ട്ടി ബോംബ്‌ പൊട്ടിച്ച്‌ ആഘോഷിക്കുമ്പോള്‍
മറ്റൊരു പാര്‍ട്ടി ക്വട്ടേഷന്‍ ടീമിനെ ഇറക്കി കളിക്കുന്നു..
ഇത്‌ കേരളമാണോ?
ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഭരിക്കുന്ന നാടാണിത്‌. ഇവിടെ സ്വയം കഴുതയാണെന്നറിഞ്ഞുകൊണ്ടുതന്നെ വോട്ടുചെയ്യാനെത്തുന്ന ജനങ്ങള്‍..
ആര്‍ക്കുചെയ്യണം എന്നത്‌ ജനങ്ങള്‍ക്ക്‌ മുമ്പില്‍ ചോദ്യചിഹ്നമാണ്‌.
'ഇത്രയും കാലം എന്റെ പാര്‍ട്ടി..എന്നു നെഞ്ചേറ്റി നടന്നിരുന്നു ഞാന്‍..പക്ഷെ ഇത്തവണ ഞാന്‍ തിരിച്ചുകുത്തി. കൈ നെഞ്ചത്തുവെച്ച്‌ വിഷമത്തോടെയാണെങ്കിലും..ഇനി ഇതുണ്ടാവില്ല. പക്ഷെ ഇതില്‍നിന്നെങ്കിലും ഒരു പാഠം പഠിച്ചിരുന്നെങ്കില്‍.'
കണ്ണൂരിലെ സുഹൃത്ത്‌ പറഞ്ഞു.
'അപ്പോ ഇവന്‍ ബോംബു ടീമല്ല, ക്വട്ടേഷന്‍ ടീമാ,...' ഉടന്‍ വന്നു കമന്റ്‌..

രാജ്യത്ത്‌ ഏറ്റവുമധികം സാരിയും ചെരിപ്പും വാങ്ങി
സൂക്ഷിക്കുന്ന രാജ്ഞിക്ക്‌ അമ്പലം തീര്‍ക്കുന്ന നാടാണിത്‌.
എം.എല്‍.എയെ കൊന്ന കുറ്റത്തിന്‌ ജയില്‍ ശിക്ഷ അനുഭവിക്കുന്നവന്റെ ഭാര്യ ദേശീയപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവുന്ന കാലം. ചമ്പല്‍റാണിയായിരുന്ന ഫൂലന്‍ദേവിയെ വരെ ജനപ്രതിനിധിയാക്കിയവരുടെ നാട്ടില്‍ ഇനി കേരളം മാത്രം മാറിനിന്നിട്ടെന്താ അല്ലേ?

നമുക്കും ഇനി ബോംബുണ്ടാക്കി രസിക്കാം..ഗുണ്ടാവിളയാട്ടം നടത്താം. അയല്‍രാജ്യത്തേക്ക്‌ നുഴഞ്ഞുകയറാനും സ്വന്തം ദേശത്തെ നശിപ്പിക്കാനും കുഞ്ഞുങ്ങളെ തീവ്രവാദം പറഞ്ഞു പഠിപ്പിക്കാം. ഇപ്പോ അതിനൊക്കെയാ മാര്‍ക്കറ്റ്‌..സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത്‌ പഠിപ്പിക്കാനുള്ള ചെലവും കുറയ്‌ക്കാം. കാരണം ഇതിനെല്ലാം മുന്നിട്ടിറങ്ങുന്ന മിടുക്കന്‍മാര്‍ക്ക്‌ സ്‌കോളര്‍ഷിപ്പുണ്ട്‌. അങ്ങോട്ടൊന്നും ചെലവാക്കുകയും വേണ്ട.
ഓര്‍ക്കുമ്പോള്‍ സങ്കടമല്ല, സഹതാപമാണ്‌ തോന്നുന്നത്‌.!!!

Thursday, April 23, 2009

ജലരേഖ

ഇന്നു പുലര്‍ച്ചെ ഒരു സ്വപ്‌നമാണ്‌ എന്നെ വിളിച്ചുണര്‍ത്തിയത്‌...
ഞാന്‍ ദൂരെ എവിടെയോ ആയിരന്നു. ഒരേപോലുള്ള വീടുകള്‍ ഇരുവശത്തും നിരന്ന വഴിയിലൂടെ ഞാന്‍ മുന്നോട്ടുനടക്കുന്നു. അന്യമായ ഭാഷയില്‍ ചിലര്‍ സംസാരിക്കുന്നു. ഹിന്ദിയല്ല, ബംഗാളിയാണെന്ന്‌ തോന്നുന്നു. എന്തായാലും എനിക്ക്‌ മനസ്സിലാകുന്നില്ല എന്നത്‌ സത്യം.
ഏതോ വീടിന്റെ ബാല്‍ക്കണിയില്‍നിന്ന്‌ ഒരു പുരുഷ ശബ്ദം എന്റെ പേര്‌ വിളിച്ചത്‌ പെട്ടന്നായിരുന്നു. 'സിന്ദൂരാ' ... ആ വിളി വളരെ പരിചിതമെന്നുതോന്നി. തലയുയര്‍ത്തി നോക്കിയപ്പോള്‍ നെഞ്ച്‌ ഒന്നുപിടഞ്ഞു. കുറ്റബോധമാണോ അതോ ചളിപ്പോ...ഓര്‍മ്മയില്ല!! അത്‌ സതുവായിരുന്നു.

വിവരവും വിവേകവും ഉറയ്‌ക്കുംമുമ്പ്‌ ചോരത്തിളപ്പിന്റെ പ്രായത്തില്‍ എന്റെ മനസ്സില്‍ പ്രണയത്തിന്റെ മുഖം വരച്ചവന്‍. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ സഹോദരന്‍.
സത്യത്തില്‍ അത്‌ പ്രണയമായിരുന്നില്ല. ഞങ്ങളുടെ സൗഹൃദം വിട്ടുപോകാതിരിക്കാന്‍ പരസ്‌പരം കൈമാറിയ വാക്ക്‌. 'കല്യാണപ്രായമാകുമ്പോള്‍ നിന്റെ ചേട്ടന്റെ വധുവാകാമെന്ന്‌' തെല്ലും കാര്യഗൗരവമില്ലാതെ ഞാന്‍ അവള്‍ക്കു നല്‍കിയ വിലപ്പെട്ട വാക്ക്‌.

എഞ്ചിനീയറിങ്ങിനു പഠിച്ചിരുന്ന ചേട്ടനോട്‌ ഈ കാര്യം അവള്‍ പറയുമെന്ന്‌ ഞാന്‍ കരുതിയതല്ല. ഞാന്‍ അറിയാതെ ആ മനുഷ്യന്റെ നെഞ്ചില്‍ അവള്‍ പ്രണയമഴ പെയ്യിച്ചു. ഒരിക്കല്‍ മാത്രം ഹോസ്‌റ്റലിന്റെ വരാന്തയില്‍ പരിചയപ്പെട്ട അദ്ദേഹം പ്രതീക്ഷിക്കാതെ ഫോണ്‍കോളിന്റെ രൂപത്തിലെത്തി. എന്തുപറയണമെന്നറിയാതെ വിറച്ചുനിന്നത്‌ ഇന്നും ഓര്‍മ്മയിലുണ്ട്‌. വല്ലപ്പോഴും വിളിക്കാമെന്ന്‌ അന്ന്‌ ഫോണിലൂടെ പറഞ്ഞിരുന്നു. പിന്നീട്‌ വിശേഷ ദിവസങ്ങളില്‍ അത്‌ ഓണമായാലും വിഷുവായാലും എന്റെ പിറന്നാളായാലും കൃത്യമായി ആ വിളിയെത്തി. ഞാന്‍ തിരിച്ചുവിളിക്കാതെതന്നെ.

ശരിയായ മുഖം ഓര്‍മയില്ലെങ്കിലും ആ പേരിന്റെ ഉടമസ്ഥന്‍ എന്റെ പ്രണയസ്വപ്‌നങ്ങളിലെ നായകനായി. രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം അവളുടെ വിവാഹത്തിനാണ്‌ ഞാന്‍ സതുവിനെ കാണുന്നത്‌. തലേദിവസം എനിക്ക്‌ ആ വീട്ടില്‍ വി.ഐ.പി. ട്രീറ്റ്‌മെന്റായിരുന്നു. ഒരു വീട്ടുകാര്‍ മുഴുവന്‍ എന്റെ ആ വാക്കിനെ കാര്യത്തിലെടുത്തിരുന്നു എന്നത്‌ അന്ന്‌ ഞാന്‍ മനസ്സിലാക്കിയ പാഠം!!!അന്നാണ്‌ ഞങ്ങള്‍ ആദ്യമായി സംസാരിച്ചത്‌. രണ്ടാളും നന്നായി സംസാരിച്ചു. കാലം രണ്ടുവര്‍ഷത്തില്‍ ചെറുതല്ലാത്ത ബോധം എനിക്ക്‌ നല്‍കിയിരുന്നു. സതു അന്ന്‌ എഞ്ചിനിയറിങ്‌ അവസാനവര്‍ഷം. ഞാന്‍ ഫിസിക്‌സ്‌ ബിരുദം രണ്ടാംവര്‍ഷവും. ആശയങ്ങള്‍ക്കും ചിന്തകള്‍ക്കുമുള്ള വലിയ അന്തരം സംസാരത്തിലൂടെ ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. എങ്കിലും ആ മനസ്സില്‍ ഞാന്‍ ആഴത്തില്‍ വേരോടിയിരുന്നു എന്ന്‌ അന്നെനിക്ക്‌ മനസ്സിലായി.
അന്നത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പിന്നീടും വല്ലപ്പോഴും വിളി തുടര്‍ന്നു. സൗഹൃദം മിക്കവാറും വിട്ടത്‌ സന്ധ്യയുമായാണ്‌. വിവാഹത്തോടെ അതിന്‌ വലിയ വിടവ്‌ വന്നു. പിന്നീട്‌ തിരക്കുകളില്‍ പെട്ടായിരിക്കാം സതുവും വിളിക്കാതായി. എങ്കിലും എനിക്കായി ഒരാളുണ്ടെന്ന തോന്നല്‍ എന്റെ മനസ്സില്‍ എ്‌പ്പോഴുമുണ്ടായിരുന്നു. ഒടുവില്‍ മനസ്സിന്റെ സമ്മര്‍ദ്ദത്തില്‍ ഞാന്‍ സന്ധ്യയില്‍നിന്നും നമ്പര്‍ വാങ്ങി സതുവിനെ വിളിച്ചു. തണുത്ത മറുപടിയായിരുന്നു അന്ന. അതോടെ ഞാന്‍ നിര്‍ത്തി.
ഞാന്‍ പി.ജി.യ്‌ക്ക്‌ പഠിക്കുന്ന സമയം. ഒരുപാട്‌ വിഷമങ്ങള്‍ ഒന്നിച്ചുവന്ന കാലം. കഷ്ടകാലം കൂട്ടത്തോടെ എന്നത്‌ അന്വര്‍ഥമായിരുന്നു അന്ന്‌. മനസ്സിലെ വിഷമം പങ്കിടാന്‍ കൂട്ടുകാരുണ്ടായിരുന്നു. എങ്കിലും മനസ്സ്‌ അപ്പോള്‍ കൊതിച്ചുതുടങ്ങിയിരുന്നു ശരിയായി മനസ്സിലാക്കുന്ന ഒരാള്‍ക്കായി. പിന്നെ ചിന്തിച്ചില്ല, ഞാന്‍ സതുവിനെ വിളിച്ചു. അത്യാവശ്യമായി കാണണമെന്നു പറഞ്ഞു. അത്‌ അദ്ദേഹം കേള്‍ക്കാതിരുന്നില്ല. വന്നു, കണ്ടു. അന്ന്‌ ഞാന്‍ മനസ്സ്‌ തുറന്നു. എന്റെ ഭാവി സങ്കല്‍പ്പങ്ങളെ തുറന്നുകാട്ടി. എന്നാല്‍ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു.
എന്റെ പ്രശ്‌നങ്ങളെ കാര്യമായി എടുത്തില്ലെന്നുമാത്രമല്ല, എന്റെ പഠനത്തെക്കുറിച്ചൊരു കമന്റും. '' എം.എസ്‌ സിക്കുശേഷം എം.ടെക്‌ ചെയ്യുന്നത്‌ നല്ലതുതന്നെ. പക്ഷെ എന്നോടൊപ്പം ജീവിക്കുകയാണെങ്കില്‍ ഞാന്‍ ജോലിക്കൊന്നും വിടില്ല. അങ്ങനെ കൊതിക്കുകയും വേണ്ട.'' ഇപ്പോ ശരിക്കും ഞെട്ടിയത്‌ ഞാനാണ്‌. എനിക്ക്‌ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ഇത്രയും പഠിച്ച്‌ റാങ്കിനൊപ്പം മാര്‍ക്കുനേടി ജയിച്ച എന്നോട്‌ ..എത്രമാത്രം ക്രൂരമാണിത്‌..ചീപ്പ്‌...മനസ്സില്‍ വന്ന ആദ്യ വാക്ക്‌ അതാണ്‌. പിന്നെ വിചാരിച്ചു..ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമല്ലേ???
ഒരിക്കലും എന്നെക്കൊണ്ട്‌ അതാവില്ലെന്ന്‌ ഞാന്‍ തുറന്നു പറഞ്ഞു. പേരില്ലാതിരുന്ന ആ ബന്ധം പേരിടാതെതന്നെ അവസാനിക്കുകയായിരുന്നു. ചിരിച്ചുകൊണ്ടുതന്നെയാണ്‌ ഞാന്‍ സതുവിനെ യാത്രയാക്കിയത്‌. അന്ന്‌ ഞാന്‍ കുറെ ചിന്തിച്ചു. ശരിയാണോന്ന്‌ എനിക്ക്‌്‌ ഇന്നും അറിയില്ല.
ഞാന്‍ സന്ധ്യയെ വിളിച്ചുപറഞ്ഞു,'' പണ്ട്‌ ഞാന്‍ നിനക്ക്‌ ഒരു വാക്ക്‌ തന്നിരുന്നു. അത്‌ തെറ്റിക്കേണ്ടിവരുന്നു. അന്ന്‌ ഒന്നുമറിയാതെ പറഞ്ഞതാണെങ്കിലും എന്റെ മനസ്സിന്റെയുള്ളിലും അത്‌ അറിയാതെ പതിഞ്ഞിരുന്നു. ഇനിയത്‌ വയ്യ. ഞാന്‍ പിന്‍വാങ്ങുന്നു.''
അന്നവള്‍ എന്റേമേല്‍ കുറെ ശാപവാക്കുകള്‍ ചൊരിഞ്ഞു. ഞാന്‍ പോകുന്ന വീട്‌ ഗതിപിടിക്കില്ലെന്നും മറ്റും..സിനിയമയില്‍ മാത്രം കേട്ടുപരിചയമുള്ള വാക്കുകള്‍..കേട്ടുനില്‍ക്കാന്‍മാത്രമേ കഴിഞ്ഞുള്ളു. സതുവിനില്ലാത്തതിനേക്കാള്‍ ചേട്ടനെക്കുറിച്ച്‌ അവള്‍ക്കായിരുന്നു ആധി. അവളുടെ ചേട്ടന്‌ ഇക്കാര്യത്തില്‍ അത്ര പ്രശ്‌നമൊന്നുമില്ലെന്ന്‌ ഞാന്‍ പറഞ്ഞെങ്കിലും അവള്‍ അത്‌ ചെവിക്കൊണ്ടില്ല. ജോലിയല്ല മനസ്സാണ്‌ പ്രധാനമെന്ന്‌ അവള്‍ വാദിച്ചു.

അവസാനത്തെ കോള്‍..വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കൂട്ടുകാരിയെ എനിക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

ഇപ്പോള്‍ പെട്ടന്നെന്താണ്‌ ആ മുഖം സ്വപ്‌നത്തില്‍ വരാന്‍..എണീറ്റയുടനെ സുനിയേട്ടനോട്‌ കാര്യം പറഞ്ഞു.
ആദ്യം ഇഷ്ടപ്പെട്ട ആളല്ലേ.എങ്ങനെ മായ്‌ച്ചാലും മായില്ല മോളേ..കാര്യമായിട്ടാണ്‌ ഏട്ടനതു പറഞ്ഞത്‌.
ഇതുകേട്ടിട്ട്‌ ഒന്നും തോന്നുന്നില്ലേ? ഞാന്‍ ചോദിച്ചു.
എന്തുതോന്നാന്‍..സ്വപ്‌നം കണ്ട്‌ ചാടിയെണീറ്റ നിനക്കുവേണം ഒന്നുതരാന്‍..അല്ല പിന്നെ..വേഗം ഓഫീസില്‍ പോവാന്‍ നോക്ക്‌...

മനസ്സിലിപ്പോള്‍ ആരോടും ദേഷ്യവുമില്ല, പരിഭവവുമില്ല. എങ്കിലും അറിയാന്‍ തോന്നുന്നു..അവരെല്ലാം എവിടെയുണ്ടെന്ന്‌, എങ്ങനെയുണ്ടെന്ന്‌...