Monday, January 19, 2009

ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ത്തന്നെ!!

എന്റെ കര്‍ത്താവേ...എന്തു പറയണമെന്ന്‌ എനിക്കറിയില്ല. ഓഫീസിലെ തിരക്കില്‍ നിന്നും വീട്ടിലേക്കുള്ള തിരക്കില്‍ കണ്ണിന്‌ അല്‍പം വിശ്രമം. ബ്യൂട്ടിപാര്‍ലറിലേക്ക്‌ ചുവടുവെച്ചപ്പോള്‍ അത്രയേ കരുതിയുള്ളൂ. ജോലിക്കാരായ മിക്ക വീട്ടമ്മമാരുടെയും അവസ്ഥ ഇതുതന്നെയാണ്‌. ഫേഷ്യലിന്റെ പേരും പറഞ്ഞ്‌ അല്‍പനേരം കണ്ണടച്ച്‌ ഉറങ്ങാം, വിശ്രമിക്കാം..കൂട്ടത്തില്‍ മുഖകാന്തി നിലനിര്‍ത്തുകയും ചെയ്യാം..
നിലനിര്‍ത്താന്‍ മാത്രം കാന്തിയൊന്നുമില്ലെങ്കിലും ഉള്ളതുകൂടി കളയണ്ട എന്ന തോന്നല്‍ ഉണ്ടായിരുന്നെന്ന്‌ കൂട്ടിക്കോളൂ..
ഓഫീസില്‍നിന്നിറങ്ങി ആദ്യം കണ്ട ഓട്ടോയ്‌ക്ക്‌ കൈ നീട്ടി. ഒരു ചെറുപ്പക്കാരനാണ്‌ ഡ്രൈവര്‍. അയാളോട്‌ പാര്‍ലറിലേക്ക്‌ എന്നുപറയണ്ട എന്ന്‌ എന്തുകൊണ്ടോ തോന്നി. അതുകൊണ്ടാണ്‌ പെട്രോള്‍പമ്പ്‌ അടയാളം വെച്ചത്‌. പോകുന്ന വഴിയില്‍ എ.ടി.എമ്മില്‍ കയറണമെന്നും പറഞ്ഞു.കാശെടുത്ത്‌ തിരിച്ച്‌ ഓട്ടോയില്‍ കയറുമ്പോള്‍ മനസ്സില്‍ ഒരു തോന്നല്‍. ഒന്നിച്ചുവെക്കണ്ട. പച്ചക്കറിയും മറ്റും വാങ്ങാനുണ്ട്‌. ഓട്ടോ ഡ്രൈവറുടെ നോട്ടവും പന്തിയല്ലാത്തപോലെ..അഥവാ പോയാലോ..മനസ്സില്‍ വെറുതെയൊരു ചിന്ത..അപ്പോഴത്തെ ആവശ്യത്തിന്‌ പേഴ്‌സില്‍ കാശുള്ളതുകൊണ്ട്‌ എടുത്തപണം ബാഗിലെ രഹസ്യ അറയില്‍ നിക്ഷേപിച്ചു.
പാര്‍ലറില്‍ അത്ര പരിചയമില്ലാത്ത മുഖങ്ങളാണ്‌. വല്ലപ്പോഴും പോകുമ്പോള്‍ കാണാറുള്ള ഒരു ചേച്ചിയെ അഭയം പ്രാപിച്ചു. ചേച്ചി കടാക്ഷിക്കുകയും ചെയ്‌തു. പിന്നെ ഒന്നര മണിക്കൂറിലേക്ക്‌ വിശ്രമം. മുഖം കഴുകിയെഴുന്നേറ്റപ്പോള്‍ നല്ല ഫ്രഷ്‌നസ്‌ തോന്നി. ഇതുകൊള്ളാമെന്ന്‌ മനസ്സില്‍ പറയേം ചെയ്‌തു. ചേച്ചി ബില്‍ തന്നു. പണമടയ്‌ക്കാനായി ബാഗിനടുത്തേക്ക്‌ ചെന്നു. തുറന്നുകിടക്കുന്ന ബാഗ്‌!!! ഞെട്ടിപ്പോയി!!
പണം പോയതുപോട്ടേന്നുവെക്കാം..പാന്‍കാര്‍ഡ്‌, എ.ടി.എം കാര്‍ഡുകള്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ബഹളം കൂട്ടിയതുമിച്ചം. എന്റെ അടുത്തിരുന്ന കസ്റ്റമറെയായി സംശയം. എന്തുചെയ്യാന്‍, അവരെ ആര്‍ക്കും പരിചയമില്ലത്രെ. എന്റെ മുഖം മിനുക്കല്‍ കഴിഞ്ഞപ്പോഴേക്കും അവര്‍പോയിട്ട്‌ നേരമേറെയായിരുന്നുതാനും.! പോലീസിന്റെ പേരെല്ലാം പറഞ്ഞ്‌അവിടെയുള്ളവരെ ചെറുതായി പേടിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. പത്രക്കാരിയുടെ ചെറിയ റോള്‍ അവിടെ സ്‌റ്റൈലായി അഭിനയിക്കുകയും ചെയ്‌തു.. എന്തുകാര്യം..പേഴ്‌സ്‌ പോയവഴി???? പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.!!
തേച്ചുമിനുക്കിയ മോന്തയില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു. മുഖമിരുണ്ടു. ബാഗില്‍ പണം മാറ്റിവച്ചിരുന്നതുകൊണ്ട്‌ അതുനല്‍കി അവിടെനിന്ന്‌ സലാം പറഞ്ഞു. എന്തായാലും എന്റെകാര്യം പോക്കുതന്നെ..
വീട്ടില്‍ പറഞ്ഞപ്പോള്‍ ചീത്തയല്ല, അസഹനീയമായ കളിയാക്കലുകളാണ്‌ പുറകെ വന്നത്‌.. പിന്തിരിപ്പന്‍മാര്‍ എന്ന്‌ മനസ്സില്‍ പറഞ്ഞെങ്കിലും ശബ്ദം പുറത്തുവന്നില്ല. ചമ്മല്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു നിന്നു...
അതുകൊണ്ട്‌ സുന്ദരിമാരേ...നിങ്ങള്‍ സൗന്ദര്യം സംരക്ഷിച്ചോളൂ..ഒപ്പം പേഴ്‌സും..അനുഭവം തന്നെ യഥാര്‍ഥ ഗുരു!!!!!
മനസ്സ്‌ അപ്പോള്‍ ശരിക്കും തോന്നിയതെന്താന്നോ...ഇതുപോലെ അമളി പറ്റിയ ഏതോ ഒരുത്തിയുണ്ടാക്കിയ പരസ്യവാചകമായിരിക്കണം
' ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ത്തന്നെ' എന്നത്‌.

2 comments:

വല്യമ്മായി said...

വീട്ടില്‍ വെച്ച് ചെയ്യാവുന്ന ഹെര്‍ബല്‍ വിദ്യകള്‍ തന്നെയാണ് പോക്കറ്റിനും ചര്‍മ്മത്തിനും നന്ന് :)

Anonymous said...

കാശു പോകുന്നതിലും കൂടുതല്‍ വിഷമം നമ്മളെ ആരെങ്കിലും പറ്റിച്ചല്ലോ എണ്ണ തോന്നലാണ്.