പണം ഇന്നുവരും നാളെപ്പോവും..അതറിയാവുന്നതുകൊണ്ടാ പുതുവത്സരം അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേ കൂട്ടത്തിലൊരുത്തി പറഞ്ഞു. ഇന്ന് വന്നത് നാളെ പോവും മറ്റന്നാള് പിന്നേം വന്നില്ലേല്‍ ചുറ്റിപ്പോവും ട്ടോന്ന്.
വരുന്നത് വരട്ടേന്ന് വെച്ചാണ് ചില്ലറ പൊട്ടിക്കാന്‍ തുനിഞ്ഞിറങ്ങിയത്. ചെറിയൊരു പാര്‍ട്ടി, ബീച്ചില്‍ ഒരു കറക്കം ഇത്രയായിരുന്നു ഉദ്ദേശം. വേഗം തിരിച്ചുചെല്ലണം, മോന്‍ കാത്തിരിക്കുകയാവും. രാത്രി വൈകാതെ പ്രിയതമന്‍ വീട്ടിലെത്താമെന്നും മോനുംകൂടി ചേര്‍ന്ന് പുതുവര്‍ഷം ഉത്സവമാക്കാമെന്നും വാക്കും പറഞ്ഞിരുന്നു.
ആ..വല്ലപ്പോഴുമല്ലേ..എന്നാപ്പിന്നെ കൂട്ടുകാരോടൊത്ത് ചെറുതായി സന്തോഷിക്കാമെന്ന് കരുതി. റസ്റ്റോറന്‍ഡും ആഘോഷവുമായി കുറച്ചുനേരം..വേറെ ലീലാ വിലാസങ്ങളൊന്നുമില്ലാത്തതിനാല്‍ ജൂസിലും ഭക്ഷണത്തിലുമായി പരിപാടി ഒതുക്കി. പാട്ടും കേട്ടിരുന്ന് ബീച്ച് നോക്കി ഭക്ഷണവും ആസ്വദിച്ചു കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് വന്നു. ഹെന്റമ്മച്ചിയേ..ഇടിവെട്ടേറ്റപോലെ ആയിപ്പോയി.
നല്ല റസ്‌റ്റോറന്റാണെന്ന് പറഞ്ഞു ലവള്‍ കൊണ്ടുകേറ്റിയപ്പോഴേ സംശയമുണ്ടായിരുന്നു സ്റ്റാര്‍ കാറ്റഗറിയാവുമെന്ന്. ചോദിച്ചപ്പോ പറഞ്ഞത് അവള്‍ടെ അങ്കിളൊക്കെ സ്ഥിരം അവിടാന്നാ സ്‌മോള്‍ അടിക്കാറെന്നാ. ബാര്‍ അറ്റാച്ച്‌ഡ് ആയതിനാല്‍ വേണ്ടെന്നുവെക്കാമെന്ന് അതിനിടെ വേറൊരുത്തി പറഞ്ഞു. അയ്യേ..ഇത്രയ്‌ക്കു ധൈര്യമില്ലേ എന്നുചോദിച്ചതും പ്രോത്സാഹിപ്പിച്ചതും ഞാനും ഷാമിയും തന്നെയാണ്. മെനു നോക്കാതെ ഓരോന്നു വിളിച്ചുകൂവുകയും ചെയ്‌തു. പാരവെപ്പിനിടയില്‍ കൈ തട്ടി പൊട്ടിയ പ്ലേറ്റിന്റെ കണക്ക് വേറെയും. എന്തായാലും ബില്‍ കിട്ടിയപ്പോ പാഠം പഠിച്ചു.
എത്ര കൂട്ടി നോക്കിയിട്ടും കൈയിലുള്ളത് തികയില്ല. ഡെബിറ്റ് കാര്‍ഡില്‍ മതിയായ കാശില്ലെന്ന് അറിയാമായിരുന്നു. മറ്റ് ദുഷ്ടകളൊന്നും കാര്‍ഡിന്റെ കാര്യം പറയുമ്പോള്‍ മിണ്ടുന്നില്ല. എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരിക്കും.
വല്ലവന്‍മാരെയും ഫോണില്‍ വിളിച്ച് പണം അഡ്‌ജസ്റ്റ് ചെയ്യാനായി അടുത്ത തീരുമാനം. ആദ്യം ഓര്‍മയിലെത്തിയത് രഞ്‌ജുവിനെയാണ്. വിളിച്ചപ്പോള്‍ അവന്‍ ദൂരെയെവിടെയോ ആണ്. എന്റെ ഭര്‍ത്താവാണെങ്കില്‍ മീറ്റിങ്ങിലും. അപ്പോഴാണ് അപര്‍ണയെ ഓര്‍മവന്നത്. അവളുടെ വീട് അവിടെ അടുത്താണ്. പോയാല്‍ പണം കിട്ടുമെന്ന് ഉറപ്പ്. പുതുവത്സര പാര്‍ട്ടിക്ക് തന്നെ കടം വാങ്ങേണ്ടിവന്നതിന്റെ ഗതികേടോര്‍ത്ത് കരച്ചില്‍വന്നു. എന്തായാലും പോയി വാങ്ങുക തന്നെ..
ഇനി ഹോട്ടലില്‍ എങ്ങനെ ചമ്മല്‍ അഡ്‌ജസ്‌റ്റ് ചെയ്യുമെന്നായി അടുത്ത ചിന്ത. ഓരോ ഐസ്‌ക്രീം കൂടി ഓര്‍ഡര്‍ ചെയ്യാന്‍ ഉറച്ചു. ആ സമയത്തേക്ക് ഫ്രണ്ടിന്റെ കൂടെ ബൈക്കില്‍പോയി കാശ് റെഡിയാക്കി. പിറ്റേന്ന് ശമ്പളം കിട്ടുമ്പോള്‍ തിരിച്ചുതരാമെന്നും എ.ടി.എം വര്‍ക്ക് ചെയ്യുന്നില്ലെന്നും ഒരു കാച്ചുംകാച്ചി. ഏതായാലും പണം റെഡി. അപര്‍ണയ്‌ക്ക് സ്‌തുതി.
തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ ലവളുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി..പണം ഇന്ന് വരും നാളെപ്പോവും മറ്റന്നാള്‍ വന്നില്ലെങ്കില്‍ എന്റെ കാര്യം ഗോപി!!!
Subscribe to:
Post Comments (Atom)
2 comments:
അപ്പോ പുതുവര്‍ഷാഘോഷം തന്നെ കുളമായി എന്നര്‍ത്ഥം!
ആഹാ. അപ്പോള്‍ ന്യൂ ഇയര്‍ കലക്കി അല്ലെ.
Post a Comment