Thursday, November 27, 2008

ഞാന്‍ ഹിന്ദു, നീയോ????

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഭാസ്‌കരേട്ടനെ കണ്ടു. ഇന്നലെ..ആദ്യം കണ്ടപ്പോള്‍ എന്നോടുചോദിച്ച ചോദ്യം മതിയായിരുന്നു അയാളുടെ കരണം നോക്കി ഒന്നു കൊടുക്കാന്‍..പ്രായത്തെ മാനിക്കാതെ വയ്യ, പിന്നെ എന്റെ ആരോഗ്യത്തെയും!!!ആ മാപ്പിള ചെക്കനുമായൊന്നും ഇപ്പോ കണക്ഷനില്ലല്ലോ..അല്ലെ! കണ്ടില്ലേ എല്ലാം കള്ളന്‍മാരും തീവ്രവാദികളുമാ..കെട്ടിയോന്‍ എങ്ങനെ? നമ്മുടെ കൂട്ടര്‍ തന്നെയല്ലേ? ഇവരൊക്കെ എന്നുനന്നാവും തമ്പുരാനെ???റഷി ഇപ്പോള്‍ എന്തുചെയ്യുകയായിരിക്കും..രാജ്യം സംരക്ഷിക്കാന്‍ ഉറക്കമിളച്ച്‌ കാത്തുനില്‍ക്കുന്നവരുടെ മുമ്പില്‍ത്തന്നെ അവനുണ്ടാകും, എനിക്കുറപ്പാണ്‌. അതുകൊണ്ടാണല്ലോ മറ്റെല്ലാം മാറ്റിവെച്ച്‌ അവന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്‌. റഷി നീ അയാളോട്‌ പൊറുക്ക്‌!വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌..രാജുവും ഞാനും ഒന്നിച്ചുനടക്കുമ്പോള്‍ ഭാസ്‌കരേട്ടന്‌ ഒരുപ്രശ്‌നവുമില്ലായിരുന്നു. ഞങ്ങള്‍ അടികൂടുന്നത്‌, ഞാന്‍ അവന്റെ കൈയില്‍ പിടിച്ചുവലിക്കുന്നത്‌, അവനെ ഇടിക്കുന്നത്‌, അവന്‍ എന്നെ പിടിച്ചുതള്ളുന്നത്‌ എല്ലാം അയാള്‍ കണ്ടിട്ടുണ്ട്‌. അന്നൊന്നും ഒരക്ഷരം മിണ്ടാത്ത അങ്ങേര്‍ക്ക്‌ എന്താണ്‌ ഹേ ഞാന്‍ റഷിയോട്‌ ഒന്നടുത്തുനിന്ന്‌ സംസാരിച്ചപ്പോള്‍ സംഭവിച്ചത്‌!!!??നേരെ ഒരു വരവായിരുന്നു. ഉറക്കെ ശബ്ദമുണ്ടാക്കി ഒരു ഭീഷണി..വീട്ടിലേക്കുപൊയ്‌ക്കൊ..ഒക്കെ അച്ഛനോട്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അപ്പോള്‍ ഒന്നും പിടികിട്ടിയില്ല. അച്ഛനും ഞാനും അമ്മയും ചേട്ടനുമൊക്കെ ഒളിച്ചുവെക്കാത്ത താളുകളായതിനാല്‍ വീട്ടില്‍ ആര്‍ക്കും പ്രശ്‌നമില്ല. അവന്‍ എന്റെ പ്രിയ സുഹൃത്ത്‌ റഷിയെന്ന അബ്ദുല്ല റഷീദ്‌. പിന്നെ ഇയാള്‍ക്കെന്താ ചേദം?പിന്നീടൊരിക്കല്‍ കുട്ടി നിക്കറിട്ട ആളുകള്‍ മാര്‍ച്ച്‌ നടത്തിയപ്പോളാണ്‌ ആ വികാരം ഞാന്‍ മനസ്സിലാക്കിയത്‌. അവന്‍ മുസ്‌്‌ലിമും ഞാന്‍ ഹിന്ദുവുമാണത്രെ!!!സംസ്‌ക്കാരശുദ്ധി നിറഞ്ഞുനിന്നിരുന്ന കേരളത്തിന്‌ സംഭവിച്ചതെന്താണ്‌? ഇവിടത്തെ കുട്ടികള്‍ തീവ്രവാദികളായതെങ്ങനെ? ഇത്രയെല്ലാം പഠിച്ചിട്ടും എങ്ങനെ രാജ്യദ്രോഹമെന്ന തെറ്റിലേക്ക്‌ അവര്‍ എറിയപ്പെടുന്നു..ഇനിയും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. ഹിന്ദുവും മുസ്ലിമും ക്രിസ്‌ത്യാനിയും വ്യത്യസ്‌തരാണെന്നാണ്‌ ഇന്ന്‌ നാം പഠിക്കുന്നതും പറയുന്നതും. മതമേതായാലും മനുഷ്യന്‍ "നന്നായാല്‍" മതിയെന്ന്‌ ശ്രീ നാരായണ ഗുരു പറഞ്ഞപ്പോള്‍ എങ്ങനേലും ഞാന്‍ നന്നാവട്ടേന്ന്‌ അവര്‍ കരുതിക്കാണും. പിന്നെ മലേഗാവ്‌ മുതലായ സംഭവങ്ങളും. ഓരോരുത്തരെ പിടിച്ച്‌ ജയിലിടുമ്പോഴും മൂടുതാങ്ങികളാകുന്ന രാഷ്ട്രീയക്കാരെയാണ്‌ ചാട്ടവാറിന്‌ അടിക്കേണ്ടത്‌. ജനാധിപത്യത്തിന്റെ ലൂപ്‌ഹോള്‍സ്‌ വെച്ച്‌ നടത്തുന്ന ഗംഭീര നാടകം. രാഷ്ട്രം നിലയില്ലാക്കയത്തിലേക്ക്‌ കൂപ്പുകുത്തുമ്പോഴും രാഷ്‌ട്രീയക്കളരിയില്‍ ഇതുവെച്ച്‌ ആര്‌ പയറ്റിത്തെളിയുമെന്നതാണ്‌ ഇവിടത്തെതര്‍ക്കം. പുര കത്തുമ്പോള്‍ ഉത്തരം താങ്ങുന്നവന്റെ മാനസികാവസ്ഥ. നാട്‌ കത്തുകയാണ്‌. ബോട്ടിലും കപ്പലിലുമായി തീവ്രവാദികള്‍ എത്തുമ്പോഴും പരസ്‌പരം പഴിചാരി അഭിമാനം രക്ഷിക്കുന്നു ഇവര്‍. എന്തിനുവേണ്ടി? മരിച്ചുവീഴുന്ന ഏതെങ്കിലും കുഞ്ഞില്‍ സ്വന്തം മക്കളെ കാണുന്നുണ്ടോ ഇക്കൂട്ടര്‍? രാഷ്ട്രീയം രാഷ്ട്രത്തിനുവേണ്ടിയാവണം. രാഷ്ട്രം കത്തുമ്പോള്‍ കളിക്കുന്നത്‌ രാഷ്ട്രീയമല്ല, നികൃഷ്ടമായ ഒരു ചര്യമാത്രമാണ്‌. രാഷ്ട്രീയം വെറുക്കുന്ന പുതുതലമുറയില്‍നിന്ന്‌ കൂടുതല്‍ പ്രതീക്ഷ വേണ്ട. ഭരണചക്രത്തിന്റെ സാരഥികളാകാന്‍ മുന്നിട്ടിറങ്ങിയ കുട്ടിക്കോമരങ്ങള്‍ക്ക്‌ ലക്ഷ്യമെന്തെന്ന്‌ പോലും അറിയില്ല. സ്ഥാനം മാത്രം മോഹിക്കുന്ന ഒരുകൂട്ടരും രാഷ്ട്രീയം എന്തെന്നറിയാത്ത മറുകൂട്ടരും..ഇന്ത്യയുടെ ഭാവി ഉഗ്രന്‍..കാത്തിരുന്നു കാണാം..ഈ മാച്ചിന്റെ അവസാനം എന്തെന്ന്‌!!

4 comments:

Unknown said...

നന്നായിട്ടുണ്ട് എഴുതിയത്,തുടര്‍ന്നും എഴുതുമല്ലൊ...
ആശംസകളോടെ,

Anonymous said...

നല്ല എഴുത്ത്..

nabacker said...

jaihind.chintha urakkatte.waiting 4 new posts

നിരക്ഷരൻ said...

എഴുതുന്നവര്‍ക്ക് ഇതുപോലെ നന്നായിട്ടെഴുതാനൊരു വിഷയമാണിത്. ഒരെണ്ണം ഞാനും എഴുതിയിരുന്നു, ‘നീയേത് ജാതിയാ ?’ എന്ന ടൈറ്റിലില്‍.

ജാതിക്കോമരങ്ങള്‍ക്ക് ഇതൊന്നും മനസ്സിലാകില്ല,മനസ്സിലാക്കുകയും വേണ്ട.

നന്നാ‍യി.
ഇനിയുമെഴുതൂ, ആശംസകള്‍.