Wednesday, November 12, 2008

നിങ്ങളില്ലാതെ എനിക്കെന്ത്‌ ആഘോഷം??!!!!

മോഹല്‍ലാലിനും മമ്മുട്ടിക്കും മാത്രം ആഘോഷിച്ചാല്‍ മതിയോ..എനിക്കും വേണ്ടേ ആഘോഷത്തിന്റെ 25-ാം വാര്‍ഷികം. അങ്ങനെ ഓര്‍ത്ത്‌ കുത്തിയിരുന്ന്‌ കണ്ടെത്തിയതാണിത്‌. 25 വര്‍ഷം മുമ്പത്തെ കഥയാണ്‌. എനിക്കന്ന്‌ ഏതാണ്ട്‌ മൂന്നര-നാല്‌ വയസ്സുവരും. അച്ഛനും അമ്മയും വാദ്ധ്യാന്‍മാര്‍ ആയിരുന്നതിനാല്‍ സ്‌കൂളിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. വീടുകള്‍ അവസാനിക്കുന്നിടത്ത്‌ ബസ്‌ സ്‌റ്റാന്റ്‌..പിന്നെ ബഷീര്‍ക്കയുടെ ബേക്കറിയും കുഞ്ഞോന്റെ കടയും രാജേട്ടന്റെ കൂള്‍ബാറും രത്‌ന സ്റ്റുഡിയോവും രാഘവന്‍ വൈദ്യരുടെ വൈദ്യശാലയും അങ്ങനെ ഒരു നിര..മറു ഭാഗത്താണ്‌ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട സരിത ടെയ്‌ലറിങ്‌ ഷോപ്പ്‌. അന്നാട്ടില്‍ അന്ന്‌ ആകെയുണ്ടായിരുന്നതായി എനിക്കറിയാവുന്നത്‌ ഈ ടെയ്‌ലറിങ്‌ ഷോപ്പും പിന്നെ അമ്മ ബ്ലൗസ്‌ തയ്‌പിച്ചിരുന്ന സുശീലേച്ചീടെ വീടുമാണ്‌. നഴ്‌സറിയില്‍ പഠിച്ചിരുന്ന എന്റെ കണ്ണ്‌ കളിക്കുമ്പോഴൊക്കെ സമീറയുടെ തലയിലെ പല നിറത്തിലുള്ള റിബണുകളില്‍ ഉടക്കി. ഇന്ന്‌ പച്ചയാണെങ്കില്‍ നാളെ നീല..കളറൊന്നും കൃത്യമായി അറിയില്ലെങ്കിലും ഓരോ ദിവസവും വ്യത്യസ്‌തമാണെന്ന്‌ മനസ്സിലാക്കാനുള്ള മന്ദബുദ്ധിത്തരമൊക്കെ അന്നുമുണ്ടായിരുന്നു. ഇവള്‍ ഇതെങ്ങനെ ഒപ്പിക്കുന്നു എന്നായിരുന്നു പണ്ടേ കുരുട്ടുബുദ്ധിയായ എന്റെ നീക്കം.. (മൂന്നര വയസ്സില്‍ അസൂയ മൂത്ത്‌ സി.ഐ.ഡി. പണി തുടങ്ങിയ ഞാന്‍ സത്യത്തില്‍ പോലീസ്‌ ആവേണ്ടതായിരുന്നു. വലുതായപ്പോള്‍ നല്ല ശാരീരിക ആരോഗ്യം ഉള്ളതിനാല്‍ പോലീസിലെടുക്കില്ലെന്ന്‌ ബോധ്യമായി). അങ്ങനെ കാത്തിരുന്ന്‌ ഞാന്‍ ആ രഹസ്യം മനസ്സിലാക്കി. എന്നും വൈകുന്നേരം തുന്നല്‍ക്കടയുടെ മുകളിലത്തെ നിലയിലെ ജനാലയിലേക്ക്‌ നോക്കി 5 വയസ്സുകാരിയായ അവള്‍ വിളിക്കും '' സരിതക്കാരാ..സരിതക്കാരാ...ഒരു നാട തര്വോ?'' മുകളില്‍നിന്നും അടിച്ച തുണിയുടെ ബാക്കി കഷ്‌ണം താഴേക്ക്‌ പറന്നുവരും. പിന്നെ താമസിച്ചില്ല..അവള്‍ പോയതിനു പിന്നാലെ ഞാന്‍ ചെന്നു. ചെറിയ ശബ്ദത്തില്‍ ചേട്ടാന്നൊക്കെ വിളിച്ചുനോക്കി..ആരും കേള്‍ക്കുന്നില്ല..പിന്നെ രണ്ടും കല്‍പ്പിച്ച്‌ ഉറക്കെ വിളിച്ചു കൂവി..'' സരിതക്കാരാ...സരിതക്കാരാ...ഒരു നാട എനിക്കും താ..''കുറച്ചു തടിച്ച്‌ നീളമുള്ള ഒരു ചേട്ടന്‍ താഴേക്കു നോക്കി..ഇത്തിരിപ്പൊടിയായ എന്റെ കണ്‌ഠനാദത്തിന്റെ ബലത്തില്‍ ചേട്ടന്‍ എന്നെ കണ്ടെത്തി. എന്നിട്ടു പറഞ്ഞു: 'ഇപ്പോ തരാംട്ടോ.'കുറച്ചു കാത്തുനിന്ന ശേഷം എന്റെ നേരെയും പറന്നിറങ്ങി ഒരു പച്ച റിബണ്‍..വീട്ടില്‍ ചെന്നപ്പോള്‍ ഇരന്ന്‌ വാങ്ങിയതിന്‌ ശാരിചേച്ചി (അമ്മേടെ അനിയത്തി) നല്ല ചീത്തപറഞ്ഞു. പിന്നെ ഞാന്‍ ചോദിച്ചില്ലെങ്കിലും സാറ്റിന്‍ തുണിയില്‍തീര്‍ത്ത ആ നല്ല റിബണ്‍ എന്റെ കൈയില്‍ കുറെ കാലമുണ്ടായിരുന്നു. കുറെ ആലോചിച്ചശേഷമാ എനിക്ക്‌ പിടികിട്ടിയത്‌. അന്ന്‌ ആ റിബണ്‍ കിട്ടിയതിന്റെ 25-ാം വാര്‍ഷികമാ ഈ വര്‍ഷം..അത്‌ ഒന്ന്‌ ആഘോഷിക്കണം.. ഭര്‍ത്താവിനോട്‌ തമാശക്കു പറഞ്ഞപ്പോള്‍തന്നെ എന്റെ നേരെ ഒരു നോട്ടം നോക്കി. പ്രേമിക്കുന്ന കാലത്തൊന്നും വട്ടിന്റെ ഒരു ലക്ഷണവും കാണിച്ചിരുന്നില്ലല്ലോ തമ്പുരാനേ...എന്ന നോട്ടം!!! പിന്നെ ഞാന്‍ ആരോടു പറയാന്‍..എന്റെ ആഘോഷം ബ്ലോഗിക്കുന്നവര്‍ക്കായി സമര്‍പ്പിക്കാമെന്നുകരുതി...അതിനായി ഒരു പുതിയ ബ്ലോഗും തുടങ്ങി..നിങ്ങളൊക്കെയില്ലാതെ എനിക്കെന്ത്‌ ആഘോഷം!!!

1 comment:

Anonymous said...

എന്നിട്ട് ആ റിബ്ബണ്‍ ഇപ്പോളും എടുത്തു വച്ചിട്ടുണ്ടോ? ഏതോ ഒരു സിനിമയില്‍ ഉര്‍വശി ചെയ്തത് പോലെ.