Tuesday, August 11, 2009

മുഖങ്ങള്‍

കഴിഞ്ഞ ആഴ്‌ചയായിരുന്നു അത്‌..
നിഷ എന്റെ ജോലി സ്ഥലത്തേക്കെത്തുമെന്ന്‌ പറഞ്ഞിരുന്നു.
കുറെകാലത്തിനുശേഷമുള്ള കണ്ടുമുട്ടല്‍.
മിക്കവാറും ദിവസം ഞങ്ങള്‍ സംസാരിക്കാറുണ്ട്‌..
വിശേഷങ്ങളേറെയും ഫോണിലൂടെ കൈമാറും..
എങ്കിലും കണ്ടു സംസാരിക്കാന്‍ രണ്ടാള്‍ക്കും ഒരു തോന്നല്‍.
റെയില്‍വേ സ്റ്റേഷനില്‍പോയി അവളെയും കയറ്റി
വണ്ടി നേരെ പാര്‍ക്കിലേക്ക്‌..
കുറെ നേരം സംസാരിച്ചിരുന്നു.
രണ്ടാള്‍ക്കും നല്ല സന്തോഷം.
ഇനി ഒരു കാപ്പി കുടിക്കാമെന്ന്‌ അവള്‍ പറഞ്ഞപ്പോ
ശരിയെന്ന്‌ ഞാനും പറഞ്ഞു.
കാപ്പിക്കും കട്‌ലറ്റിനും ഓര്‍ഡര്‍ കൊടുത്തിരുന്നപ്പോഴാണ്‌
അപ്പുറത്തെ ടേബിളിലുള്ളയാളെ ശ്രദ്ധിച്ചത്‌..
മോഹന്‍ സര്‍..
സ്‌കൂള്‍ പഠന കാലത്ത്‌ എന്റെയും നിഷയുടെയും
പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം.
(ഞങ്ങള്‍ എട്ടാം ക്ലാസില്‍ എത്തിയ വര്‍ഷമാണ്‌
അദ്ദേഹം അവിടെ സാറായി വന്നത്‌. ചെറുപ്പക്കാരനും
സുന്ദരനുമായിരുന്ന സാര്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കിടയിലെ ഹീറോ ആയിരുന്നു).
ഞാന്‍ നിഷയെ വിളിച്ച്‌ സാറിനെ കാണിച്ചുകൊടുത്തു.
വാ..നമുക്ക്‌ സാറിനോട്‌ സംസാരിക്കാം..
പെട്ടന്ന്‌ അവളുടെ ഭാവം മാറി..
സാറിനെ കണ്ട്‌ അവള്‍ വല്ലാതായതായി എനിക്കുതോന്നി.
എന്നാല്‍ അടുത്ത നിമിഷം അവളും പറഞ്ഞു..
വാ..ഞാനും അയാളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു!!!
സാറിനെ കേറി അയാള്‍ എന്നോ..ഇവള്‍ക്കിതെന്നാ പറ്റി?
ഞാന്‍ ചിന്തിക്കാതിരുന്നില്ല..
ഞങ്ങള്‍ രണ്ടുപേരും മോഹന്‍സാറിനടുത്തെത്തി.
സാര്‍ ഞാന്‍ വിളിച്ച ഉടന്‍ സാറ്‌ തിരിഞ്ഞുനോക്കി..
ആദ്യം മുഖത്തേക്കൊന്നമര്‍ത്തി നോക്കി..
പിന്നെ പെട്ടന്നോര്‍മ്മവന്നെന്നപോലെ ചോദിച്ചു..
സിന്ധൂര..അല്ലെ?
അതെ..ഞാന്‍ പറഞ്ഞു നിര്‍ത്തിയില്ല..
നിഷ ചാടി വീണു.
'സാര്‍ എന്നെ തീരെ മറന്നിട്ടില്ലെന്നു കരുതുന്നു...'
പിറകില്‍നിന്ന നിഷയെ സാര്‍ അപ്പോഴാ കണ്ടതെന്നു തോന്നുന്നു..
സാറിന്റെ മുഖം ആകെ പരിഭ്രമിച്ച പോലെ തോന്നി..
ഇതെന്താ ഇങ്ങനെ..നാടകംപോലെ!
എന്റെ കുരുട്ടുബുദ്ധിയിലും ഒന്നും തെളിയുന്നില്ല.
സാറിന്‌ ഇവളെ എങ്ങനെ പരിചയമില്ലാതിരിക്കും?
ഞങ്ങള്‍ പഠിച്ച സ്‌കൂളില്‍ത്തന്നെയാ നിഷയുടെ അമ്മയും അച്ഛനും പഠിപ്പിച്ചിരുന്നത്‌. ഒന്നിച്ച്‌ ജോലിചെയ്യുന്ന ടീച്ചര്‍മാരുടെ മക്കളെ
മറ്റ്‌ അധ്യാപകര്‍ക്ക്‌ തീര്‍ച്ചയായും നന്നായി അറിയാം..
പിന്നെ ഇതെന്താ ഒരു ചുറ്റിക്കളി??
ഞാന്‍ മനസ്സില്‍ വെറുതെ ചോദ്യമിട്ടു..
ഓ..എനിക്കുതോന്നിയതാവും..പിന്നെ മനസ്സില്‍ പറയുകയും ചെയ്‌തു.
സാറുമായി കുറച്ച്‌ സംസാരിച്ചു.
വീട്ടിലെയും ജോലിസ്ഥലത്തെയും വിശേഷം തിരക്കി..
പണ്ടത്തെ ഉഷാറൊന്നും സാറില്‍ കണ്ടില്ല..
സാറ്‌ ഇങ്ങനെ അല്ലായിരുന്നല്ലോ!!!!!!!!
എന്തായാലും കുറച്ചു സംസാരിച്ചശേഷം സാര്‍ യാത്ര പറഞ്ഞിറങ്ങി.

ക്ലാസില്‍ ഞാനും നിഷയും നന്നായി പഠിക്കുന്ന കുട്ടികളായിരുന്നു.
അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക്‌ വലിയ കാര്യവുമായിരുന്നു.
പഠിത്തം മാത്രമല്ല, അത്യാവശ്യം കലാപ്രടകനവും സ്‌പോര്‍ട്‌സും
എല്ലാംകൊണ്ടും ഞങ്ങള്‍ സ്‌കൂളില്‍ ചെത്തി.
സാധാരണ കാണുന്നപോലെ പഠിക്കുന്ന കുട്ടികള്‍ക്കിടയിലെ ഈഗോ
ഞങ്ങള്‍ക്കിടയില്‍ തീരെ ഇല്ലായിരുന്നു എന്നതാണ്‌ സത്യം.
ടീച്ചേഴ്‌സിന്റെ മകളാണെന്ന ചില പിള്ളാരുടെ അഹംഭാവവും
അവള്‍ക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ
ഞങ്ങളുടെ ചങ്ങാത്തം ഇന്നും നിലനില്‍ക്കുന്നു.
എന്തും പറയാവുന്ന പ്രിയ സുഹൃത്ത്‌. അതാണ്‌ എനിക്ക്‌ നിഷ.

സാറിനിതെന്താ പറ്റീത്‌? പണ്ടത്തെ ആളേയല്ല.
ഞാന്‍ നിഷയോടു പറഞ്ഞു.
നല്ലൊരു ചിരിയായിരുന്നു അവളുടെ മറുപടി..
വരാനുള്ളത്‌ വഴീത്തങ്ങില്ല മോളേ..അവള്‍ പിന്നെയും ചിരിക്കുന്നു.
പിന്നെ നോക്കിയപ്പോ കണ്ണീന്ന്‌ വെള്ളം വരുന്നു.
''എടോ..ഞാന്‍ ഇതുവരെ നിന്നോടുപറയാത്ത ഒരു കാര്യമുണ്ട്‌. മനസ്സില്‍ത്തന്നെ കിടക്കട്ടെ എന്നു കരുതിയതാണ്‌. ഇനി പറഞ്ഞേക്കാം..കൊല്ലമിത്രയായില്ലേ മനസ്സില്‍ കൊണ്ടുനടക്കുന്നു..'' അവള്‍ തുടര്‍ന്നു.
ഞെട്ടിക്കുന്ന ആ രഹസ്യംകേട്ട്‌ ഞാന്‍ ശരിക്കും ഇരുന്നുപോയി..

സ്‌കൂള്‍ വിട്ടശേഷവും സ്‌കൂളുമായി നിഷയ്‌ക്ക്‌ നല്ല അടുപ്പമുണ്ടായിരുന്നു.
രക്ഷിതാക്കള്‍ അധ്യാപകരായതിനാല്‍ മറ്റുടീച്ചേഴ്‌സുമായി
നല്ല അടുപ്പത്തിലായിരുന്നു അവള്‍.

വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌..
അതായത്‌ ഞങ്ങള്‍ പ്രീ ഡിഗ്രിക്കു പഠിക്കുന്ന സമയം.
(പഠനകാലത്ത്‌ ആ രണ്ടുവര്‍ഷം മാത്രമാണ്‌
ഞാനും നിഷയും അധികം കാണാതിരുന്നത്‌.
ഡിഗ്രി മുതല്‍ വീണ്ടും ഞങ്ങള്‍ ഒരേ ക്ലാസിലായിരുന്നു.
ഇപ്പോള്‍ ജോലിചെയ്യുന്നത്‌ ഒരേസ്ഥാപനത്തിലും.
രണ്ടിടത്താണെന്ന്‌ മാത്രം.)

ഒന്നാം വര്‍ഷത്തിന്റെ സ്‌റ്റഡീ ലീവ്‌ സമയമാണ്‌.
പഠിത്തത്തിനിടയില്‍ ആരോ ബെല്ലടിക്കുന്ന ശബ്ദം കേട്ടു.
അവള്‍ ജനല്‍ തുറന്നുനോക്കിയപ്പോള്‍ മോഹന്‍ സാറാണ്‌..
'ഓ..അച്ഛന്‍ പറഞ്ഞിരുന്നു..
സാറിനുള്ള കടലാസ്‌ ഇവിടെ എടുത്തുവെച്ചിട്ടുണ്ട്‌. സാറ്‌ കയറി ഇരിക്കൂ.'
സന്തോഷത്തോടെ അവള്‍ വാതില്‍ തുറന്നു.
പ്രിയ ശിഷ്യയെ സാറ്‌ കുറെ ദിവസം കൂടി കണ്ടതായിരുന്നു.
അവര്‍ കുറെ നേരം സംസാരിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ സാറിന്റെ സ്വഭാവത്തിലെന്തോ മാറ്റമുള്ള പോലെ..
നിഷയുടെ സൗന്ദര്യം കൂടിയെന്നും
ശരീരം വളര്‍ന്നെന്നും മറ്റുമുള്ള കാര്യങ്ങളിലേക്ക്‌
സംസാരമെത്തിയപ്പോള്‍ വിഷയം മാറ്റാനായി
അവള്‍ സാറിന്റെ ഭാര്യയെയും കുഞ്ഞിനെയും കുറിച്ച്‌ ചോദിച്ചു.
അതിന്‌ ഒഴുക്കന്‍ മട്ടിലായിരുന്നത്രെ അദ്ദേഹത്തിന്റെ മറുപടി.
സാറിന്‌ കൊടുക്കാനുള്ള കവര്‍ എടുത്തുതരാം എന്നു പറഞ്ഞ്‌
അച്ഛന്റെ മുറിയിലേക്കു കയറിയ അവളുടെ പിന്നാലെ
ഓരോന്ന്‌ പറഞ്ഞ്‌ അദ്ദേഹവും കയറി.

ഒരിക്കലും ഞാന്‍ പ്രതീക്ഷിക്കാത്തതാണ്‌ പിന്നെ അവള്‍ പറഞ്ഞത്‌.

അവളുടെ രണ്ടുകൈയും പെട്ടന്ന്‌ അയാള്‍ കരസ്ഥമാക്കി,
തന്നിലേക്ക്‌ അടുപ്പിച്ചു.
ആദ്യം എന്താ സംഭവിക്കുന്നതെന്ന്‌ മനസ്സിലായില്ലെങ്കിലും
പിന്നീട്‌ അവള്‍ സമചിത്തത വീണ്ടെടുത്തു.
എല്ലാ ശക്തിയുമെടുത്ത്‌ കുതറി അയാളുടെ ചെകിട്ടത്ത്‌ ഒന്നു കൊടുത്തു.
ഗുരുദക്ഷിണ!

പറയുമ്പോള്‍ അവള്‍ കിതയ്‌ക്കുന്നുണ്ടായിരുന്നു.

ഏതോ ശക്തിയില്‍നിന്ന്‌ എണീറ്റപോലെ
അയാള്‍ ഭയന്നു പിറകോട്ടുനിന്നു. എന്നിട്ടുപറഞ്ഞു,
''അറിയാതെ പറ്റിയതാ..ആരോടും പറയരുത്‌ ..സോറി..സോറി..''
'സാറ്‌ പോ..'പിന്നെ ഒരു അലര്‍ച്ചയായിരുന്നു.
അവള്‍ പറഞ്ഞ്‌ നിര്‍ത്തി.
അതിനുശേഷം ഒരുപാട്‌ തവണ കണ്ടുമുട്ടി.
അവള്‍ക്ക്‌ അയാള്‍ മുഖം കൊടുത്തില്ല.

പിന്നെ ഇന്നാണ്‌ അവള്‍ നേരില്‍ കാണുന്നത്‌.
ഇങ്ങനെ ഒരവസരം ഒത്തുകിട്ടിയപ്പോള്‍ അവള്‍ അമര്‍ത്തിച്ചോദിച്ച ചോദ്യം .
.'സാര്‍ എന്നെ തീരെ മറന്നിട്ടില്ലെന്നു കരുതുന്നു...'
അത്‌ അയാളില്‍ തീര്‍ത്തും കുറ്റബോധമുണ്ടാക്കിയിരിക്കണം.
അവള്‍ ചോദിക്കുന്നതും ശരിതന്നെ.
'ഒപ്പം ജോലിചെയ്യുന്ന സുഹൃത്തും ഗുരുതുല്യനുമായ ഒരു അധ്യാപകന്റെ മകളെ കയറിപ്പിടിക്കാന്‍ ഇയാള്‍ക്ക്‌ തോന്നിയെങ്കില്‍ മറ്റുള്ളവരുടെ
അടുത്ത്‌ എങ്ങനെയായിരിക്കും ഇയാള്‍? ശരിക്കും മൃഗം..'
അവള്‍ ദേഷ്യംകൊണ്ട്‌ വിറക്കുകയാണ്‌...

വര്‍ഷമെത്ര കഴിഞ്ഞു..അവളില്‍ അത്‌ ശരിക്കും
ആഴത്തിലുള്ള മുറിവാണുണ്ടാക്കിയിരുന്നതെന്ന്‌ ഞാന്‍ മനസ്സിലാക്കി.
വീട്ടിലറിഞ്ഞാല്‍ ആകെ പ്രശ്‌നമാകുമെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു.
ആരോടും പറയാതെ അവളത്‌ ഉള്ളില്‍ കൊണ്ടുനടന്നു.
ഇത്രകാലം..എന്നോടുപോലും പറയാതെ..പാവം!

എന്തോ ഇതുകേട്ടതോടെ എന്റെ മനസ്സിലുള്ള
മോഹന്‍സാറിന്റെ നല്ല മുഖത്തിന്‌ രണ്ടു കൊമ്പുവന്ന പോലെ..
.ദംഷ്ട്രകള്‍ വരുന്നപോലെ..

മനുഷ്യന്‌ എത്രയെത്ര മുഖങ്ങള്‍..
പിന്നെ നിഷതന്നെ പറഞ്ഞപോലെ..
'ചിലപ്പോള്‍ ഒരുനിമിഷത്തേക്ക്‌ ഉള്ളിലെ മൃഗം പുറത്തുവന്നതാകാം..
ഇപ്പോള്‍ അതില്‍ പശ്ചാത്തപിക്കുന്നുമുണ്ടാവാം..
എങ്കിലും എനിക്കിനി ഒരിക്കലും അയാളെ ബഹുമാനിക്കാനാവില്ല.
നീ ഇത്‌ അറിഞ്ഞ ഭാവം കാണിക്കല്ലേ സി..''

എനിക്കതിനു കഴിയുമോ..സാറിനെ കാണുമ്പോള്‍ പഴയപോലെ ചിരിക്കാന്‍ പറ്റുമോ..അറിയില്ല..എങ്കിലും ഞാന്‍ പറഞ്ഞു..

ഇല്ല..നിഷേ..ഞാനും അഭിനയിക്കാം..