Friday, February 13, 2009

നൊസ്‌റ്റാള്‍ജിയ

ഏതാണ്ട്‌ മൂന്ന്‌ മാസമായി ഓര്‍ക്കുട്ട്‌ തീരെ തുറക്കാറില്ലായിരുന്നു. ഇന്നലെ എന്തോ സിസ്റ്റത്തിനു മുമ്പിലിരുന്നപ്പോള്‍ വെറുതെ ഒന്നുനോക്കിയതാണ്‌. കുറെ ഫ്രന്റ്‌സ്‌ റിക്വസ്റ്റുകള്‍ക്കിടയില്‍നിന്ന്‌ ആരോ വിളിച്ചപോലെ..സൂക്ഷിച്ചുനോക്കി. മനസ്സിലായില്ല. പേരിനുപകരം വേറെന്തോ എഴുതിയിരിക്കുന്നു. കൂടെ നിനക്കെന്നെ അറിയാം. മറന്നോ എന്നൊരു ചോദ്യവും. നല്ല പരിചയമുള്ള ചിരി. ആരാ അത്‌?

ഓര്‍ക്കുട്ട്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ മദ്യമാണ്‌ ഓര്‍മവരുന്നത്‌. രണ്ടിന്റെയും പൊതുഗുണം അതുമായി കൂട്ടുകൂടുമ്പോള്‍ നമ്മള്‍ അടിമപ്പെടും എന്നതുതന്നെ. ഭാഗ്യത്തിന്‌ ഇപ്പോള്‍ രണ്ടുമായും എനിക്ക അമിത കൂട്ടുകെട്ടില്ല. മദ്യവുമായി തീരെ ഇല്ല. (തീരെ എന്നു പറഞ്ഞൂട..വൈന്‍ വല്ലപ്പോഴും സേവിക്കാറുണ്ട്‌, എന്റെ കണക്കില്‍ അത്‌ മദ്യമല്ല). പിന്നെ ഓര്‍ക്കുട്ട്‌. എന്തും അധികമായാല്‍ മടുക്കില്ലേ..ഇടക്കാലത്ത്‌ അതുപോലൊരു മരവിപ്പ്‌ വന്നു. അതോടെ അതു നിര്‍ത്തി. എന്നാല്‍ ഇന്നലെ!
പ്രൊഫൈല്‍ നോക്കാന്‍തന്നെ തീരുമാനിച്ചു. കക്ഷി അമേരിക്കയിലാണ്‌. പേര്‌ രാഹുല്‍. രാഹുല്‍..ആ പേര്‌ വീണ്ടും വായിച്ചു. മനസ്സില്‍ ഒരു മിന്നല്‍, ഒരു സന്തോഷം..ഫോട്ടോയുമായി ഒത്തുനോക്കി. ഏയ്‌, അല്ല..എന്റെ മനസ്സിലുള്ള രാഹുല്‍ ഇതല്ല. ഇത്ര തടിയില്ല, തലയില്‍ നന്നായി മുടിയുണ്ട്‌, മീശയില്ല..

ഞാനെന്തൊക്കെയാണ്‌ ആലോചിച്ച്‌ കൂട്ടിയത്‌. നാലാംക്ലാസിനുശേഷം ഇപ്പോ കൊല്ലമെത്ര കഴിഞ്ഞു. മോന്‌ അതേ പ്രായമായി, അപ്പോഴാ..വീണ്ടും ഫോട്ടോകള്‍ പരതി. കണ്ണുകള്‍ക്ക്‌ സാമ്യമുള്ളപോലെ..എത്ര വര്‍ഷം കഴിഞ്ഞാലും ആ മുഖം മറക്കാന്‍ പറ്റില്ലല്ലോ..

പി.ജിക്കു പഠിക്കുമ്പോഴാണ്‌ സുനിയേട്ടനെ ആദ്യം പരിചയപ്പെടുന്നത്‌. അത്‌ പ്രണയത്തിലേക്കെത്തുന്നതിനു മുമ്പുതന്നെ എന്റെ മനസ്സില്‍ ആരെങ്കിലുമുണ്ടോ എന്ന്‌ ഞാന്‍ ആവര്‍ത്തിച്ചുചോദിച്ചിരുന്നു. അത്ഭുതമെന്നു പറയട്ടെ, ചിന്തിക്കുമ്പോഴെല്ലാം ആദ്യമെത്തുക രാഹുലിന്റെ മുഖമായിരുന്നു. നാലാംക്ലാസില്‍ വെച്ച്‌ എനിക്ക്‌ കത്ത്‌ തന്നതിന്‌ ടീച്ചര്‍ അവനെ അടിച്ചതും പിന്നെ ചമ്മല്‍ കാരണം ക്ലാസില്‍വരാതെ സ്‌കൂള്‍തന്നെ മാറിപ്പോയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അന്ന്‌ അവനെ തീരെ ഇഷ്ടമല്ലായിരുന്നു. ചീത്തക്കുട്ടി എന്ന്‌ ഞാനും എന്റെ കൂട്ടുകാരും അവനെ വിശേഷിപ്പിച്ചു. അവന്‍ ആ സ്‌കൂള്‍വിട്ട്‌ പോയ ശേഷം കുറെക്കാലം ആ പേരുതന്നെ ഞാന്‍ മറന്നുപോയിരുന്നു.

വലിയകുട്ടിയായി മാറി സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയ കാലത്ത്‌ എങ്ങനെയോ അവന്റെ പേര്‌ എന്റെ മനസ്സില്‍ കയറിക്കൂടി. ചെറിയ പ്രണയം ആ ചെറിയ രാഹുലിനോട്‌ എനിക്ക്‌ പിന്നീടുണ്ടായിരുന്നോന്ന്‌ സംശയമില്ലാതില്ല. അതിനെപ്പറ്റി ഇടയ്‌ക്ക്‌ കല്യാണത്തിനുശേഷം ഞാന്‍ പറയുമ്പോള്‍ സുനിയേട്ടന്‍ പറയും..എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനേന്ന്‌!
പിന്നെ അതെല്ലാം മറന്നു..അതോ അമ്മയും ഭാര്യയും ജോലിക്കാരിയുമായി റോള്‍ ഏറ്റെടുത്തപ്പോള്‍ സൗകര്യപൂര്‍വം മറന്നതാണോ..ആയിരിക്കാം.
ഏതായാലും വെറുതെ ഓര്‍ക്കുട്ട്‌ നോക്കിയപ്പോ..അവനെ തിരിച്ചറിഞ്ഞപ്പോള്‍..എന്തോ ഒരു സന്തോഷം..തിരിച്ച്‌ മെസേജ്‌ അയച്ചു. അവനും വിവാഹമെല്ലാം കഴിഞ്ഞ്‌ സന്തുഷ്ടജീവിതം നയിക്കുന്നു. ഞാന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ അവന്‍ വിളിച്ചു. രാഹുലുമായും അനുവുമായും (അവന്റെ അര്‍ദ്ധാംഗിനി) ഞാന്‍ സംസാരിച്ചു. അന്നത്തെ സംഭവത്തിനുശേഷം ഒരുപാടുപേര്‍ അവന്റെ പ്രണയജീവിതത്തില്‍ വന്നിട്ടുണ്ടെങ്കിലും നാലാംക്ലാസിലെ കത്ത്‌ ഇപ്പോഴും ചിരിക്കുന്ന ഓര്‍മ്മയായി അവനിലുണ്ടെന്ന്‌ അനുവാണ്‌ പറഞ്ഞത്‌.

എന്തോ ഒരു ഗൃഹാതുരത്വം തോന്നുന്നു. പഴയ തറവാട്ടിലേക്ക്‌, എല്‍.പി.സ്‌കൂളിന്റെ വരാന്തയിലേക്ക്‌, ടീച്ചര്‍മാരുടെ അടുത്തേക്ക്‌, സ്‌കൂള്‍ മുറ്റത്തെ ചീനി മരത്തിന്റെ ചുവട്ടിലേക്ക്‌ ..എല്ലാം ..എല്ലായിടത്തും ഓടിച്ചെല്ലാന്‍ മനസ്സ്‌ വെമ്പുന്നു. എന്തൊരു നല്ല കാലമായിരുന്നു. ഒരുപാട്‌ നന്ദി രാഹുല്‍, തിരക്കിനിടയില്‍ പഴയകാലത്തിലേക്ക്‌ കൊണ്ടെത്തിച്ചതിന്‌..ആ നല്ല കാലത്തിന്റെ ഓര്‍മകള്‍ നല്‍കിയതിന്‌!!

5 comments:

Anonymous said...

pennezhuthu nannu....

റിനി ശബരി said...

കൂട്ടുകാരി ,,, അറിയില്ലെങ്കിലും ,,, ഈ വരികള്‍ ഉള്ളില്‍ ആഴ്ന്നിറങ്ങി .....

നഷ്ടങ്ങളുടെ പട്ടിക ഒരുപാട് നീണ്ടു പൊകുന്നു ഈ വരികളിലൂടെ കടന്നു പോകുമ്പൊള്‍ ലളിതമായ വരികള്‍ എന്നാല്‍ തീഷ്ണവും ... ആശംസകള്‍

GIRISHKUMAR KUNIYIL said...

വളരെ നന്നായിരിക്കുന്നു...ഭവുകങ്ങള്‍ ..സഹൃദത്തിനു നന്ദി..

hAnLLaLaTh said...

ഓര്‍മ്മകള്‍ ...
ബാല്യം നഷ്ടപ്പെട്ടതിന്റെ സങ്കടം ....

കുമാരന്‍ said...

നല്ല എഴുത്ത്.
ഒര്‍ക്കുട്ടിനെ മദ്യവുമായി ബന്ധിപ്പിച്ചത് ഇഷ്ടപ്പെട്ടു.
അതൊരു പുതിയ കണ്ടെത്തലാണ്.