Friday, March 6, 2009

ഇത്‌ കലികാലം തന്നെ!!!

പണ്ട്‌ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍നിന്നെടുത്ത ഒരു പുസ്‌തകത്തില്‍ എഴുതിയിരുന്നു (പുസ്‌തകത്തിന്റെ പേര്‌ മറന്നുപോയി, ഇല്ലെങ്കില്‍ ഒന്നുകൂടി എടുത്ത്‌ വായിച്ചേനെ!):
മനുഷ്യര്‍ മതത്തിന്റെ പേരില്‍ പരസ്‌പരം കൊന്നുതിന്നുന്ന കാലം വരും. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്‌ത്യാനികളുമെല്ലാം മതത്തിന്റെ പേരില്‍ കലഹിക്കും. വെട്ടും കുത്തും. അപ്പോഴാവണം കല്‍കി അവതരിക്കുന്നത്‌!

ഈ വാക്കുകള്‍ ആറാംക്ലാസില്‍ പഠിക്കുന്ന എന്റെ മനസ്സില്‍ എത്രയോ ആഴത്തില്‍ തറച്ചു. മതം മനുഷ്യനന്മക്കായി മാത്രമാണെന്നും ജാതി പറയരുതെന്നും ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ പഠിപ്പിച്ചുതന്നിരുന്നു. ഇതുവായിച്ചപ്പോള്‍ സങ്കടം തോന്നി. തിങ്കളാഴ്‌ച രാവിലെ സ്‌കൂളിലെത്തിയ ഉടന്‍ സാജിദയെയും സ്‌മിതയെയും വിളിച്ച്‌ സീരിയസായി കാര്യം പറഞ്ഞു. പിന്നെ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര പ്രശ്‌നങ്ങളല്ല..ഹിന്ദുക്കള്‍ കൊല്ലാന്‍ വരുമ്പോള്‍ ഞാന്‍ നിന്റെ ഫ്രണ്ടാണെന്ന്‌ പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ലേന്നായിരുന്നു സാജിയുടെ സംശയം. എന്റെ പേര്‌ പറഞ്ഞാല്‍ അവര്‍ക്ക്‌ മനസ്സിലാകുമോ എന്നായി അടുത്ത ശങ്ക. അവള്‍ തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു.ഇവിടെ അടുത്തുള്ളവരാണെങ്കില്‍ നിന്റെ പേരും അച്ഛന്റെ പേരും പറയാം. അപ്പോള്‍ ചിലപ്പോ കേള്‍ക്കാതിരിക്കില്ല.

ഞങ്ങളുടെ ഭാഗത്ത്‌ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ കുറവായതിനാലാവാം എനിക്കും സ്‌മിതയ്‌ക്കും അന്ന്‌ അരക്ഷിതാവസ്ഥ തോന്നാഞ്ഞത്‌. കാലം കുറെ കഴിഞ്ഞിരിക്കുന്നു.

സ്‌കൂളും കോളേജും കഴിഞ്ഞു. കൗമാരം വിട്ടു, യൗവനവും പകുതിയായി. ഇതൊക്കെ ജീവിതത്തില്‍ സ്ഥിരംകേട്ട്‌ തഴമ്പിച്ചപ്പോള്‍ പഴയ ആറാംക്ലാസെല്ലാം മറന്നുപോയിരുന്നു.അജന്താ മെന്റിസിന്‌ എന്തെങ്കിലും പറ്റിയോ ആവോ? ക്രിക്കറ്റ്‌ ആവേശിച്ച അനിയന്‍ സ്വയം ചോദിക്കുന്നു. ഓരോ ഭ്രാന്തന്‍മാര്‌..എന്തിനാ ഇതൊക്കെ..തീവ്രവാദിയാത്രെ..എല്ലാത്തിനേം ചുട്ടുകരിക്കണം.
കേട്ടപാടെ ഞാന്‍ ചോദിച്ചു, അപ്പോപ്പിന്നെ നീയും ആ തീവ്രവാദികളും തമ്മിലെന്താ വ്യത്യാസം?അവന്‍ പോയപ്പോള്‍ ഞാനും ആ ചോദ്യം വീണ്ടും ചോദിച്ചു. എന്തിനാ ഈ ലോകത്തിങ്ങനെയൊക്കെ? ജാതി, ദേശം, ഭാഷ, സമുദായം എല്ലാത്തിന്റെ പേരിലും തമ്മില്‍ത്തല്ലാണ്‌. വളര്‍ന്നുവരുന്ന കുട്ടികളാവട്ടെ 'ഒന്നിനെക്കുറിച്ചും ബോധവാന്‍മാരുമല്ല, എന്നാല്‍ എല്ലാം അറിയുകേം ചെയ്യും' എന്ന സ്‌റ്റെല്‍. ഒരു രക്ഷയുമില്ല.

ഡിഗ്രിക്കു പഠിക്കുന്ന ചേച്ചീടെ മോളോട്‌ എന്റെ കെട്ടിയോന്‍ ഒരിക്കല്‍ പരീക്ഷണാര്‍ഥം ചോദിച്ചു.
'ആരാ കേരളത്തിന്റെ മുഖ്യമന്ത്രി?
''അച്ചുതാനന്ദന്‍'..ഭാഗ്യം! ഉത്തരമുണ്ട്‌.
അടുത്ത ചോദ്യം പിറകെ..'അങ്ങേര്‌ ഏത്‌ പാര്‍ട്ടിയാണെന്ന്‌ അറിയില്ലായിരിക്കും'.
അപ്പോഴും വന്നു ഉത്തരം..'ഇടതുപക്ഷമല്ലെ?
'ഓ..ഇവള്‍ ഇത്ര കേമിയാണോ..ചേട്ടന്‍ ഞെട്ടി..അടുത്ത ചോദ്യമിട്ടു. 'ഇടതുപക്ഷമാണെന്നേ അറിയൂ അല്ലെ? അല്ലാതെ കേരളാ കോണ്‍ഗ്രസാണെന്ന്‌ അറിയില്ലേ??'
ഇപ്പോഴാണ്‌ ചേട്ടന്‍ ശരിക്കും ഞെട്ടിയത്‌. 'എന്നെ കളിയാക്കണ്ട കുഞ്ഞച്ഛാ...എനിക്കറിയാം അയാള്‍ അതുതന്നെയാണെന്ന്‌!!!
''ഏതുതന്നെ?'- ചേട്ടന്റെ മറുചോദ്യം..
ഉത്തരം പെട്ടന്നുവന്നു-ചേട്ടന്‍ പറഞ്ഞ കോണ്‍ഗ്രസ്‌!!!

ഇപ്പോ ശരിക്കും ഞെട്ടിയത്‌ ഞാനാണ്‌. എന്റമ്മേ..എന്തൊരു വിവരം. അതും രണ്ടാം വര്‍ഷ ഇംഗ്ലീഷ്‌ ബിരുദത്തിന്‌ പഠിക്കുന്ന കുട്ടിക്ക്‌.

പിന്നെ കളിയാക്കലിന്റെ ബഹളമായിരുന്നു. അവസാനം അടിയറവ്‌ പറഞ്ഞ അവള്‍ ഒരു പ്രഖ്യാപനം നടത്തി. ഞാന്‍ പത്രത്തില്‍ രാഷ്ട്രീയം മാത്രം വായിക്കാറില്ല. എനിക്ക്‌ ഇഷ്ടോമല്ല. ഇതറിഞ്ഞിട്ടാപ്പോ വലിയ കാര്യം! ഇതാണ്‌ സ്ഥിതി. സപ്പോര്‍ട്ട്‌ ചെയ്യാന്‍ അവളുടെ അമ്മാവനും എന്റെ അനിയനുമായ ശ്രീമാന്‍ രംഗത്തെത്തിയതോടെയാണ്‌

വരുന്ന തലമുറയുടെ രാഷ്ട്രീയം എന്താണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയത്‌. പഠിക്കാന്‍ മിടുക്കരാണ്‌. അത്യാവശ്യം ജി.കെ.യുമുണ്ട്‌. നന്നായി വായിക്കുകേം ചെയ്യും. എന്നിട്ടും രാഷ്ട്രീയം എന്നുകേള്‍ക്കുന്നതേ വെറുപ്പാണ്‌. എന്തുചെയ്യാന്‍? ഇതുതന്നെയാണ്‌ ഇവിടത്തെ പ്രശ്‌നം. ഒന്നും അറിയാതെ വളരുന്ന കുട്ടികള്‍. അവരെ എങ്ങനെയും വളക്കാന്‍ എളുപ്പമാണ്‌. നല്ല ബുദ്ധികൂടിയുണ്ടെങ്കില്‍ പറയേം വേണ്ട..ലോകം മുഴുവന്‍ തലതിരിയുകയാണ്‌.

മക്കളുടെ ഭാവിയെപ്പറ്റി ഇപ്പോ ലവലേശം ആശങ്കയില്ല, എവിടെപ്പോയി നില്‍ക്കുമെന്ന സംശയം മാത്രമേ ഉള്ളു. ഇത്‌ കലികാലം തന്നെ!!!

3 comments:

ആര്യന്‍ said...

well, അച്ചുമ്മാന്‍ ഏതായാലും കേരള കോണ്‍ഗ്രസ് അല്ലെന്നൊക്കെ എനിക്കറിയാം!
എന്നെ സമ്മതിക്കണേ...

hAnLLaLaTh said...

അരാഷ്ട്രീയമായ ഒരു തലമുറയെ എളുപ്പത്തില്‍ വര്‍ഗ്ഗീയ കള്ളികളില്‍ തിരിക്കാം..
നമ്മെളെന്നാണ് മതങ്ങള്‍ക്കതീതമായി മനുഷ്യ പക്ഷത്തു നിന്ന് ചിന്തിച്ചു തുടങ്ങുന്നത്..?

രജനീഗന്ധി said...

കൗമാരത്തിലും യൗവനാരംഭത്തിലും
സ്വപ്‌നം കണ്ട ലോകം
അതുതന്നെയായിരുന്നു.
മതങ്ങള്‍ക്കതീതമായ ലോകം..!!!
എന്നാല്‍ ഭൂമി കറങ്ങുന്നത്‌ ഇപ്പോള്‍
വിപരീത ദിശയിലാണെന്ന്‌ തോന്നുന്നു..
പോരാട്ടത്തില്‍ ഞാന്‍ മുന്നില്‍ത്തന്നെയുണ്ട്‌..
മനുഷ്യവര്‍ഗ്ഗമെന്ന ഒറ്റ സങ്കല്‍പത്തിനായുള്ള
പോരാട്ടത്തിന്‌..
കമന്റിട്ടതിന്‌ നന്ദി ഹന്‍ലലത്‌...
ആര്യന്‍....നിന്നെ ഞാന്‍ ആദ്യമേ സമ്മതിച്ചുപോയതാ!!!