Sunday, March 22, 2009

ഓര്‍മകള്‍ക്കെന്തു സുഗന്ധം

ഹൊ..വല്ലാത്തൊരു ലഹരിയായിരുന്നു ഇന്നലെ...കാലം നിശ്ചലമായപോലെ..


എന്റെ കോളേജ്‌ ആകെ മാറിയിരിക്കുന്നു..എന്നിട്ടും അതിന്റെ വരാന്തകളും മണല്‍ത്തരികളും ഞങ്ങളെ നോക്കി മറക്കാതെ പുഞ്ചിരിക്കുന്നപോലെ!
നാട്ടില്‍നിന്ന്‌ ഒരു സുന്ദരിക്കുട്ടിയെയും അടിച്ചുമാറ്റി വിദേശവാസം നയിക്കുന്ന പ്രിയ സുഹൃത്ത്‌ ലീവിനെത്തിയതോടെയാണ്‌ അപ്രതീക്ഷിതമായ ഓര്‍മപുതുക്കല്‍ ഒത്തുവന്നത്‌. പോകുമ്പോള്‍ രണ്ടായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍ അവന്റെ തോളില്‍ രണ്ടിനെയും കൂടി ചേര്‍ത്ത്‌ വെച്ചപോലത്തെ ഒരു തങ്കക്കുടവുമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ യാസൂനും അവന്റെ അനൂനും മാറ്റമൊന്നുമില്ല. (രണ്ടും നന്നായി വണ്ണം വെച്ചിട്ടുണ്ട്‌, അവിടെ തീറ്റ തന്നെയായിരുന്നു പണിയെന്നുതോന്നുന്നു).
മിനിയാന്നെത്തി, ഇന്നലെ വീട്ടിലേക്കുവരുമെന്ന്‌ ഭീഷണിയും മുഴക്കി. പഴയ ഓര്‍മകള്‍ മിക്കവയിലും എന്റെ വീട്‌ ഒരു പ്രധാന കഥാപാത്രമായതുകൊണ്ടാണ്‌ അവിടെത്തന്നെ കൂടാമെന്നുവെച്ചത്‌. രാത്രിതന്നെ ഭര്‍ത്താവും കുട്ടിയും ഞാനും എന്റെ വീട്ടിലെത്തി. പിന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു. റഷിയും നദിയും നാട്ടിലില്ല. മറ്റുള്ളവര്‍ ഉച്ചയ്‌ക്ക്‌ എത്താമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു.
രാത്രി പത്തരയോടെ ഒരു ഫോണ്‍. അങ്ങേത്തലക്കല്‍ നദിയുടെ ശബ്ദം. ഞാന്‍ ഇന്ന്‌ വൈകീട്ട്‌ നാട്ടിലെത്തി. നാളെ അങ്ങോട്ടുവരാം. ഹോ..കറക്ട്‌ ടൈമിങ്‌...ഇതാണെടീ ശരിക്കുമുള്ള സുഹൃത്‌ബന്ധം.
അടുത്തദിവസം ഉച്ചവരെ എങ്ങനെയോ തള്ളിനീക്കി. (എങ്ങനെയോ അല്ല, അവന്‍മാര്‍ക്കും അവളുമാര്‍ക്കും വെട്ടിവിഴുങ്ങാനുള്ളത്‌ തയ്യാറാക്കുകയായിരുന്നു!!!). ആകെ ഉത്സവലഹരി. 12 മണിയോടെ എല്ലാവരും എത്തി.
പിന്നെ വര്‍ത്തമാനകാലത്തുനിന്നും ഭൂതത്തിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു എല്ലാവരും. രാജുവും ഷൈജുവും പരസ്‌പരം പാര പണിതുതുടങ്ങി. റഷിയെ വല്ലാതെ മിസ്‌ ചെയ്യുന്നു, പ്രത്യേകിച്ച്‌ എനിക്കും രാജുവിനും. രണ്ടുപേരും കോളേജില്‍ എന്റെ അപ്പുറവും ഇപ്പുറവുമായിരുന്നല്ലോ?
പെട്ടന്നാണ്‌ യാസു കോളേജ്‌ ട്രിപ്പ്‌ പ്ലാന്‍ ചെയ്‌തത്‌. 5 മണിയോടെ ഞങ്ങള്‍ കോളേജിലെത്തി.
എന്തൊരുമാറ്റം. സുവോളജി ലാബിനോട്‌ ചേര്‍ന്നുണ്ടായിരുന്ന സ്‌റ്റെപ്പുകള്‍ എടുത്തുമാറ്റിയിരിക്കുന്നു. പണ്ട്‌ അവിടെയിരിക്കുന്ന നേരത്താണ്‌ കോളേജിലെ ഏക സുന്ദരനെന്ന്‌ ഞാന്‍ കരുതിയിരുന്ന സൂരജിനെ ആദ്യമായി കാണുന്നത്‌. അന്നവന്‍ വെള്ള ബൂട്‌സ്‌ ഇട്ട്‌ ഗ്രൗണ്ടില്‍ പന്തുതട്ടുകയായിരുന്നു. !!!!
ഗ്രൗണ്ടിന്‌ വലിയ മാറ്റമൊന്നുമില്ല. ഡിഗ്രി അവസാനവര്‍ഷം സ്‌പോര്‍ട്‌സില്‍ ഓടി സമ്മാനം വാങ്ങിയത്‌ ഓര്‍മയില്‍ തെളിഞ്ഞു. അതിന്റെ മുമ്പത്തെ രണ്ടുവര്‍ഷങ്ങളും മനപൂര്‍വം ഓടാതെ മാറിനില്‍ക്കുകയായിരുന്നു. ആ വര്‍ഷം തന്നെയാണ്‌ രാജു ഓടുന്നതിനിടയില്‍ കാലില്‍ കല്ല്‌ തുളച്ചുകയറിയത്‌.
ഗ്രൗണ്ടില്‍നിന്ന്‌ സ്‌റ്റേജ്‌ വരെയുള്ള വഴി. നടക്കുമ്പോള്‍ ആരൊക്കെയോ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം. ഓര്‍മകള്‍ക്ക്‌ ജീവന്‍ വെച്ചോ..സംശയത്തോടെ തിരിഞ്ഞുനോക്കുമ്പോള്‍ യാസുവും രാജുവും ശരിക്കും മുദ്രാവാക്യം വിളിയില്‍ മുഴുകിയിരിക്കുന്നു. എല്ലാവരുടെ ചിന്തകളും ഒരേ വഴിക്കാണ്‌ നീങ്ങുന്നതെന്ന്‌ അപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു.
ഓപ്പണ്‍ സ്റ്റേജിലെത്തിയപ്പോള്‍ പഴയ നാടകത്തിന്റെ ഓര്‍മകള്‍..ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ നിരവധി തവണ നല്ല നടനായ യാസുവിന്‌ അഭിനിവേശം അടക്കാനായില്ല. പിന്നെ സ്റ്റേജില്‍ കണ്ടത്‌ പഴയ നാടകത്തിലെ ഒരു ഭാഗം..
സമയം ഏഴുമണിയായി. സെക്യൂരിറ്റി വന്ന്‌ ബഹളമുണ്ടാക്കിത്തുടങ്ങി. എന്തുചെയ്യാം..ഇപ്പോള്‍ ഞങ്ങള്‍ അന്യരാണല്ലോ..കോളേജിനല്ല, സെക്യൂരിറ്റിക്ക്‌!
കോളേജ്‌ മുറ്റത്തെ മാവും അശോകമരങ്ങളും ഞങ്ങളെ തിരിച്ചറിഞ്ഞപോലെ ഇളകിയാടുന്നു. ഇന്റേണല്‍മാര്‍ക്ക്‌ പേടിച്ച്‌ ഇന്ന്‌ ഞങ്ങളുടെ അനിയന്‍മാരും അനിയത്തിമാരും ഈ മരങ്ങള്‍ക്കുചുവട്ടില്‍ ആഘോഷിക്കാറുണ്ടാവില്ല. റഷിയെയും നദിയെയും പോലെ ആ മരച്ചുവട്ടില്‍ പ്രണയം കൈമാറുന്നവര്‍ ഇന്നില്ല. സ്‌റ്റേജിലേക്കിറങ്ങുന്ന പടികളില്‍ ആരും ബഹളംവെക്കാറുണ്ടാവില്ല..തൊട്ടതിനെല്ലാം സമരം വിളിക്കുന്ന നേതാക്കന്‍മാരും അണികളും ഇന്നില്ല. ആ കാലം മാഞ്ഞുപോയിക്കഴിഞ്ഞു.
ഞങ്ങള്‍ വര്‍ത്തമാനകാലത്തിലേക്ക്‌ തിരിച്ചെത്തിക്കഴിഞ്ഞു. ഒരു സ്വപ്‌ന സഞ്ചാരത്തിന്‌ അന്ത്യം കുറിച്ചപോലെ. രണ്ടാഴ്‌ചത്തെ ലീവ്‌ കഴിഞ്ഞ്‌ യാസു തിരിച്ചുപോകും. നദി വീണ്ടും റഷിക്കരികിലേക്ക്‌. ഞാനും രാജുവുമെല്ലാം ജോലിയുടെ തിരക്കിലേക്ക്‌..
ഒരിക്കലും മരിക്കാതിരിക്കട്ടെ ഈ സൗഹൃദം..

6 comments:

വല്യമ്മായി said...

ഞാനും പ്രാര്‍ത്ഥിക്കുന്നു ......ഒരിക്കലും മരിക്കാതിരിക്കട്ടെ ഈ സൗഹൃദം..

Typist | എഴുത്തുകാരി said...

പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ ഒരവസരം കിട്ടി അല്ലേ, നന്നായി.

Unknown said...

OLD is alwys GOLD

പുതുമയ്‌ക്ക്‌ സുഗന്ധമില്ലന്നല്ല കെട്ടോ..
പഴയതിനെന്തോ കൈതപ്പൂവിന്റെ സുഗന്ധം..
ഇപ്പോള്‍ ഇവിടൊന്നും കിട്ടാനില്ലോത്താണ്ടാവും..

നന്ദി വല്യമ്മായി, എഴുത്തുകാരി.

aimarii said...

Oh, my God! Your language is so difficult I cannot read even one word! Come to look my winterpics!

ഹന്‍ല്ലലത്ത് Hanllalath said...

എന്തിനാ ഇങ്ങനെ ധൃതി കൂട്ടി എഴുതുന്നെ..?

സാവധാനം എഴുതി നോക്കു...
എന്ത് രസണ്ടാകും വായിക്കാന്‍..?

ഇത് മോശം എന്നല്ല...
ഇതിനെക്കാള്‍ നന്നായി എഴുതാമല്ലോ ..

വായിക്കുന്നവരുടെ മനസ്സില്‍ പറ്റിപ്പിടിക്കണം വായിച്ചു പോയാലും ..

നിങ്ങള്‍ക്കത് കഴിയും..

അടുത്ത രചനയില്‍ അത് പ്രതീക്ഷിക്കുന്നു..
നന്‍മകള്‍ നേരുന്നു

raadha said...

ആക്സ്മികമായിട്ടാണ് ഈ പോസ്റ്റ്‌ കണ്ടത്‌. ഞാനും ഇന്ന് എന്‍റെ പഴയ കൂട്ടുകാരെ കാണാന്‍ ഒരുങ്ങി പുറപ്പെടുകയാണ്. മനസ്സ് നിറയെ സന്തോഷം കൊള്ളുകയാണ്
.വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട മുഖം എല്ലാം ഇപ്പോള്‍ എങ്ങനെ ഉണ്ട് എന്നറിയാന്‍ വല്ലാത്ത ഒരു കൌതുകം. ഞങ്ങള്‍ 17 പേര്‍ ആണ് pg ക്ക് ഒരുമിച്ചു പഠിച്ചത്‌ എറണാകുളം മഹാരാജാസില്‍ . ആരൊക്കെ വരുമോ എന്തോ? അടുത്ത പോസ്റ്റിനുള്ള ഒരു വകുപ്പുണ്ടാകും എന്നു കരുതുന്നു..