Friday, October 21, 2011

എന്റെ മനശ്ശാന്തിക്കായി ഒരു കുറിപ്പ്‌

ഒരു വര്‍ഷത്തില്‍ അധികമായി ബ്ലോഗ്‌ എഴുതിയിട്ട്...
മനസ് മടുപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായെങ്കിലും എഴുതണ്ട എന്ന് കരുതി...
എല്ലാരേയും വായിച്ചു.. ആര്‍കും കമന്റ്‌ ഇട്ടില്ല... ഒരുതരം അജ്ഞാതവാസം .............

ഇപ്പോള്‍ എന്തോ എഴുതണമെന്നു തോന്നി...
മനസ്സില്‍ പലതും അടക്കി വെച്ചിട്ടെന്തിനാ???

കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിനെ വേട്ടയാടുന്ന ഒരു പേരുണ്ട്... രഘു...
പെരുമ്പൂവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു എന്ന
പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനി തൊഴിലാളി.
അയാളുടെ മരണത്തിലുള്ള ദുഖപ്രകടനമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
കേരളീയന്റെ മനസ്സിനെ എങ്ങനെ അളക്കും എന്ന് എന്റെ മനസ്സിലുയര്‍ന്ന ഒരു ചോദ്യത്തിനുള്ള
ഉത്തരമാണ് ഞാന്‍ തേടുന്നത്. ബ്ലോഗുകളില്‍ മാത്രമൊതുങ്ങുന്ന വികാരപ്രകടനങ്ങള്‍ മാത്രമാണോ
രഘു അര്‍ഹിക്കുന്നത്. സര്‍ക്കാരിന്റെ 10 ലക്ഷം രൂപ കിട്ടിയാലും കിട്ടിയില്ലെങ്കിലും
രഘു പത്തുദിവസംകൊണ്ട് മറവിയിലേക്ക് പോയിരിക്കുന്നു എന്നതാണ് സത്യം.

കേരളത്തിലെ പ്രചാരത്തില്‍ മുമ്പിലുള്ള ഒരു ആഴ്ചപ്പതിപ്പില്‍ ജോലിചെയ്യുന്ന എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ഒരു അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.
സൗമ്യ എന്ന പെണ്‍കുട്ടിയുടെ മരണം കഴിഞ്ഞയുടനെ അതിനെക്കുറിച്ച് മാത്രം അവിടെവന്ന
കത്തുകളുടെ എണ്ണം 1297 എണ്ണമായിരുന്നു. ഓരോ കത്തിലും മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന
ആ സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന വിലാപമായിരുന്നു.
അതില്‍ 20 എണ്ണം മാത്രമായിരുന്നു പെണ്‍സൃഷ്ടികള്‍. വേദനിച്ചവരിലധികവും സഹോദരന്‍മാര്‍.
അന്ന് ആ സംഭവം വായിച്ച് ഞാനും ഏറെ വിഷമിച്ചു. ഗോവിന്ദച്ചാമിയെ കൈയില്‍കിട്ടിയാല്‍ വെച്ചേക്കില്ലെന്നുവരെ ഈയുള്ളവള്‍ക്ക് അന്നുതോന്നിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആകെ അമ്പരപ്പിലാണ്.

'ബസ്സില്‍ പോക്കറ്റടിച്ചയാള്‍ യാത്രക്കാരുടെ മര്‍ദനമേറ്റ് മരിച്ചു' എന്ന് പത്രങ്ങള്‍ തലക്കെട്ടിട്ട് അധിക്ഷേപിച്ച ഒരു നിപരാധിയുടെ ആത്മാവിനുവേണ്ടി വിലപിക്കാന്‍ ഇവിടെ ഒരുത്തനുമില്ലേ?
പിറ്റെ ദിവസം പത്രങ്ങള്‍ തന്നെ പോക്കറ്റടിച്ചെന്ന് ആരോപണവിധേയനായ ആള്‍ എന്ന് മാറ്റിയെഴുതിയതോടെ പത്രധര്‍മ്മം പാലിക്കപ്പെട്ടു! മുമ്പ് പറഞ്ഞ ആഴ്ചപ്പതിപ്പിന് ദിവസമിത്രയായിട്ടും ഈ വിഷയത്തില്‍
കിട്ടിയത് അഞ്ചില്‍താഴെ കത്തുകള്‍. അതും പ്രതിഷേധക്കുറിപ്പുകള്‍. ഇവിടെ വിലപിക്കുന്നതിനും വേദനിക്കുന്നതിലും പ്രതിഷേധിക്കുന്നതിലുംവരെ വേദന എന്ന വികാരത്തിലുപരി
താന്‍ ശ്രദ്ധിക്കപ്പെടണമെന്ന വികാരവുമുണ്ടോ എന്ന് തോന്നിപ്പോകുന്നു.

ഒരു പെണ്‍കുട്ടിമരിച്ചാല്‍ വികാരപ്രകടനങ്ങളുടെ ഘോഷയാത്ര!
പണ്ട് ഇടപ്പാളില്‍ ബസ്സില്‍ മോഷണം നടത്തിയ സ്ത്രീയെ നാട്ടുകാര്‍ കൈകാര്യം
ചെയ്തപ്പോള്‍ മീഡിയയടക്കം അതിനെ ചോദ്യംചെയ്ത് മുന്നോട്ടുവന്നു.
മനുഷ്യാവകാശ കമ്മീഷന്‍ ഉണര്‍ന്നു. സ്ത്രീ സംഘടനകള്‍ ഉണര്‍ന്നു..
ഇന്ന് വെറുമൊരു പ്രതിഷേധത്തിനും വികാരപ്രകടനങ്ങള്‍ക്കുമപ്പുറം രഘുവിന്റെ മരണം ഒരു സാധാരണ സംഭവമായി മാറി. രഘു ആണായത് അയാളുടെ തെറ്റല്ലല്ലോ? ഇവിടെ രഘുവിന് പകരം രാധ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകള്‍ക്ക് കിടപ്പറയില്‍പ്പോലും സമത്വം നല്‍കാത്ത ഈ നാട്ടില്‍ മരണമടഞ്ഞാല്‍മാത്രം ഏറ്റുപിടിക്കാന്‍ ആളുകള്‍ ക്യൂവാണ്.
അവിടെ ശ്രദ്ധ കൂടുതല്‍ കിട്ടുമല്ലോ... ആണിന്റെ മരണത്തിന് കമന്റിട്ടാല്‍ ആര് ശ്രദ്ധിക്കാന്‍ അല്ലേ??? വിവാദത്തില്‍പ്പോലും ലിംഗം നിര്‍ണ്ണയിക്കുന്നവരായി കേരള സമൂഹം അധപതിച്ചുകഴിഞ്ഞു.

ഒരു പക്ഷെ, സൗമ്യയുടെ മരണത്തേക്കാള്‍ ദാരുണമായിരുന്നു രഘുവിന്റെ മരണം. സൗമ്യ ഒരു കാമഭ്രാന്തന്റെ ഇരയാകുകയായിരുന്നെങ്കില്‍ രഘു ഒരു സമൂഹത്തിന്റെ മുഴുവനും ഇരയാണ്. സൗമ്യയെ രക്ഷിക്കാന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആരുമുണ്ടായിരുന്നില്ല. അത് റെയില്‍വേയുടെ വീഴ്ച (ചെറ്റത്തരമെന്ന് നാട്ടുഭാഷ!). എന്നാല്‍ രഘുവിന് ചുറ്റും മനസ്സാക്ഷിയില്ലാത്ത ഒരുകൂട്ടം ആളുകളുണ്ടായിരുന്നു. ഒരു സംശയത്തിന്റെ പേരില്‍ ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ അന്തം വിട്ടുനില്‍ക്കാനും അതില്‍ ഇടപെടാതെ കണ്ടുനില്‍ക്കാനുമുള്ള മനസ്സ് നമ്മള്‍ ഓരോരുത്തരും നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ആരോ ഗൂഗിള്‍ ചെയ്തപോലെ യുവനടന്‍മാരുടെ മുഖകാന്തിയും ബ്രാന്‍ഡഡ് ഷര്‍ടും ഷൂവുമില്ലാത്തവന്‍മാരെല്ലാം പോക്കറ്റടിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍പ്പെടുത്തുകയാണ് ഇന്ന് നമ്മുടെ സമൂഹം.

ഇനിയും നാം വിലപിക്കും അടുത്ത കുരുതി ഉണ്ടാവുമ്പോള്‍... അതുവരെ വിട...
അതു ചിലപ്പോള്‍ ഞാനായിരിക്കാം , നിങ്ങളായിരിക്കാം...

13 comments:

വീകെ said...

ഒരു ജീവൻ നഷ്ടപ്പെടുത്തുന്നതിന് യാതൊരു
നീതീകരണവുമില്ല. ആത് പുരുഷന്റേതായാലും സ്ത്രീയുടേതായാലും.
പൊതുജനം ദിവസേന കാണുന്ന ക്രൂരതകൾ - മാദ്ധ്യമങ്ങൾ, സിനിമ, സീരിയൽ മുതലായവയാൽ മനം മടുത്തിരിക്കുന്നു.

ഇപ്പോൾ ഇത്തരം കാഴ്ചകൾ നേരിൽ കണ്ടാലും പ്രതികരണശേഷി നഷ്ടപ്പെട്ടവരെപ്പോലെയാണ്. ടീവിക്കു മുന്നിലിരിക്കുന്നവരെപ്പോലെ നിർവ്വികാരരായി മാറുന്നു..!
ഒരു മനഃശാസ്ത്രപരമായ പഠനം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്ന് തോന്നുന്നു.

താങ്കളുടെ മനഃസംഘർഷം ഞങ്ങളുടേതും കൂടിയാണ്.
ആശംസകൾ...

ശ്രീ said...

ശരിയാണ്. മരിച്ചു കഴിഞ്ഞാല്‍ മാത്രമേ രഘുമാരെയും സൌമ്യമാരെയും ശ്രദ്ധിയ്ക്കാന്‍ ആളുകള്‍ക്ക് സമയമുള്ളൂ...

കുറേ നാളുകള്‍ക്ക് ശേഷം തിരിച്ചു വരവ്... അല്ലേ?

mini//മിനി said...

തിരിച്ചു വരുന്നവർക്ക് സ്വാഗതം,,,
നമുക്ക് എഴുതാനായി നമുക്ക് ചുറ്റും എന്തെല്ലാം നടക്കുന്നുണ്ട്?? എഴുതുക, കാത്തിരിക്കുന്നു....

Unknown said...

യുവനടന്‍മാരുടെ മുഖകാന്തിയും ബ്രാന്‍ഡഡ് ഷര്‍ടും ഷൂവുമില്ലാത്തവന്‍മാരെല്ലാം പോക്കറ്റടിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍പ്പെടുത്തുകയാണ് ഇന്ന് നമ്മുടെ സമൂഹം..

എഴുത്ത് നന്നായി, തിരിച്ചുവന്നതിനാല്‍ കാണാനൊത്തു :)

വീണ്ടും കാണാം..

Arun Kumar Pillai said...

:-(

Arunlal Mathew || ലുട്ടുമോന്‍ said...

രക്തസാക്ഷികള്‍ക്കെ വിലയുള്ളൂ ജീവ്ചിരിക്കുന്നവര്‍ക്ക് വിലയുണ്ടാകണമെങ്കില്‍ അവരിങ്ങനെ രക്തസാക്ഷികള്‍ ആകണം... വല്ലാത്ത അവസ്ഥ തന്നെ...


സ്വാഗതം ഞാനൊരു മാഹമാനസ്കനായ പുതുമുഖം ആണേ... :)

പിന്നെ കുട്ടി ഗ്രൂപ്പിലേക്കും സ്വഗതം

ഷാജു അത്താണിക്കല്‍ said...

താങ്കള്‍ ഒരു സത്യം പറഞ്ഞു..... വളരെ സത്യം
ആശംസകള്‍

kochumol(കുങ്കുമം) said...

ഒരു സംശയത്തിന്റെ പേരില്‍ ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ അന്തം വിട്ടുനില്‍ക്കാനും അതില്‍ ഇടപെടാതെ കണ്ടുനില്‍ക്കാനുമുള്ള മനസ്സ് നമ്മള്‍ ഓരോരുത്തരും നേടിക്കഴിഞ്ഞു......അങ്ങനെ നിന്നില്ലേല്‍ പ്രേതികരിക്കുന്നവരും പ്രതികൂട്ടില്‍ ആകും കാലത്തിന്‍റെ പോക്ക് അങ്ങനാണ് ...ആരെയും കുറ്റപ്പെടുത്താന്‍ പറ്റൂല്ല .....

khader patteppadam said...

നിത്യേന ഓരോന്ന് വായിച്ച് വായിച്ച് മനസ്സ്‌ മരവിച്ച് തുടങ്ങിയിരിക്കുന്നു.

Unknown said...

thanks to all.............

Prabhan Krishnan said...

സൌമ്യക്കും, രഘുവിനും മാത്രമല്ല ,
മനുഷ്യ ജീവനു മൊത്തത്തില്‍ വിലയിടിഞ്ഞില്ലേ ഇവിടെ..? ക്ഷമിക്കണം ഇതില്‍ കള്ളപ്പണക്കാരും,‘മൊയ് ലാളിമാരും‘ വലിയ നേതാക്കളും ഒന്നും ഉള്‍പ്പെടില്ല. (അവ് രുടെ ജീവനൊക്കെ ഭയ്ങ്കര വിലയാ..!)

ശരിക്കും ചിന്തിപ്പിക്കുന്ന പോസ്റ്റ്.
എഴുത്ത് തുടരണം.
ആശംസകളോടെ..പുലരി

Typist | എഴുത്തുകാരി said...

പത്രങ്ങൾക്കും ചാനലുകൾക്കും സെൻസേഷണലായിട്ടുള്ള ന്യൂസ് വേണം. അതിന്റെ ചൂട് കഴിഞ്ഞാൽ കഴിഞ്ഞു. പിന്നെ ആരും ഒന്നും ഓർക്കുന്നില്ല. പുതിയ ന്യൂസ് തേടി പോകുകയായി.

Unknown said...

'ബസ്സില്‍ പോക്കറ്റടിച്ചയാള്‍ യാത്രക്കാരുടെ മര്‍ദനമേറ്റ് മരിച്ചു' എന്ന് പത്രങ്ങള്‍ തലക്കെട്ടിട്ട് അധിക്ഷേപിച്ച ഒരു നിപരാധിയുടെ ആത്മാവിനുവേണ്ടി വിലപിക്കാന്‍ ഇവിടെ ഒരുത്തനുമില്ലേ?
===
ഉണ്ടാവില്ല, പെണ്‍ എന്നതുമാത്രമല്ല ഇതിലുള്ളത്. ഭൂരിപക്ഷാ‍ധിപത്യം എന്തിലൊക്കെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നത് അതാത് ദിവസങ്ങളിലെ മീഡിയ ശ്രദ്ധിച്ചാല്‍ മതി!

(ഒന്നൂടെ വന്നപ്പോള്‍, പറയാന്‍ തോന്നീതാ!)