Monday, July 16, 2012

നിന്നെയും കാത്ത്....

മഴ പെയ്തുതോര്‍ന്നു..
ഈ ഏകാന്തതയില്‍ ഞാന്‍ മാത്രം..
നീ വരുന്നതും കാതോര്‍ത്ത്...

മാനം കറുത്തപ്പോള്‍ ഞാനോര്‍ത്തു
നിന്റെ വരവിനെ എതിരേല്‍ക്കാനെന്ന്
മഴ കനത്തപ്പോള്‍ ഞാന്‍ അറിഞ്ഞു
എന്റെ മനസ്സും കനക്കുന്നുവെന്ന്...

ഇവിടെ മഴ പെയ്തുതോര്‍ന്നു..
ഈ ഏകാന്തതയില്‍ ഞാന്‍ മാത്രം..
നീ വരുന്നതും കാതോര്‍ത്ത്...

ആകാശം ദുഖം കരഞ്ഞുതീര്‍ത്തു
അതിനുമാവാതെ ഞാന്‍..
പ്രതീക്ഷയുടെ അവസാന തുള്ളിയും 
പെയ്തു തോരുന്നു..

ഈ ഏകാന്തതയില്‍ ഞാന്‍ മാത്രം..
നീ വരുന്നതുംകാത്ത്....
വെറുതെ... വെറുതേ...



ചിത്രം: കടപ്പാട്: ഗൂഗിള്‍

Monday, November 21, 2011

(ഗുലാം അലിയുടെ Qaiser-ul-Jafari എന്ന ഗസലില്‍നിന്ന് പ്രചോദനം... കോപ്പി എന്നും വിളിക്കാം...)


സഞ്ചാരിയായെത്തി ഞാന്‍ നിന്റെ വീഥിയില്‍

ഒരു തവണ മാത്രമായ് ആ മുഖം കാണുവാന്‍

പിരിയുന്നതിന്‍മുമ്പ് ഒരുനോക്കുകാണുവാന്‍

അലിവാര്‍ന്നൊരനുവാദമേകുക പ്രിയതമേ.....



എന്റെ കണ്‍ പീലികള്‍ അലങ്കരിച്ചിരിക്കുന്നു ഞാന്‍്

കണ്ണുനീരാകുന്ന മിന്നാമിനുങ്ങിനാല്‍

അശ്രുക്കളാല്‍ ഒരു പേമാരി പെയ്യിക്കാന്‍

ഇനിയെങ്കിലും എനിക്കവസരം നല്‍കു നീ....



മറക്കുവാനായി മാത്രം എന്നാകില്‍

സ്‌നേഹിച്ചു വഞ്ചിച്ചതെന്തിനു മല്‍സഖീ

ഇനിയും പിറക്കാത്ത ചോദ്യങ്ങള്‍ക്കുത്തരം

നല്‍കുവാനായി നീ അവസരം നല്‍കുക...



ലക്ഷ്യവും ദിശകളുമറിയാതെ ഉഴലുന്നു

നിന്നെയും തേടി ഞാന്‍ അറിയാത്ത വീഥിയില്‍

നിന്നെ പിരിഞ്ഞുഞാന്‍ പുലരുന്നതുവരെ

എങ്ങിനെ ജീവിക്കുമെന്നും പറക നീ..



പ്രണയത്തിന്‍ വേദന കുത്തുന്ന രാത്രിയില്‍

വിറകൊള്ളുമെന്‍ അധര ജല്പന്‍ കേള്‍ക്ക നീ..

എന്റെ സ്വപ്‌നങ്ങള്‍തന്‍ സങ്കല്‍പപേടകം

നിന്‍മുന്നില്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കു നീ...