ഒരു വര്‍ഷത്തില്‍ അധികമായി ബ്ലോഗ് എഴുതിയിട്ട്...
മനസ് മടുപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായെങ്കിലും എഴുതണ്ട എന്ന് കരുതി...
എല്ലാരേയും വായിച്ചു.. ആര്‍കും കമന്റ് ഇട്ടില്ല... ഒരുതരം അജ്ഞാതവാസം .............
ഇപ്പോള്‍ എന്തോ എഴുതണമെന്നു തോന്നി...
മനസ്സില്‍ പലതും അടക്കി വെച്ചിട്ടെന്തിനാ???
കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിനെ വേട്ടയാടുന്ന ഒരു പേരുണ്ട്... രഘു...
പെരുമ്പൂവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു എന്ന
പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനി തൊഴിലാളി.
അയാളുടെ മരണത്തിലുള്ള ദുഖപ്രകടനമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
കേരളീയന്റെ മനസ്സിനെ എങ്ങനെ അളക്കും എന്ന് എന്റെ മനസ്സിലുയര്‍ന്ന ഒരു ചോദ്യത്തിനുള്ള
ഉത്തരമാണ് ഞാന്‍ തേടുന്നത്. ബ്ലോഗുകളില്‍ മാത്രമൊതുങ്ങുന്ന വികാരപ്രകടനങ്ങള്‍ മാത്രമാണോ
രഘു അര്‍ഹിക്കുന്നത്. സര്‍ക്കാരിന്റെ 10 ലക്ഷം രൂപ കിട്ടിയാലും കിട്ടിയില്ലെങ്കിലും
രഘു പത്തുദിവസംകൊണ്ട് മറവിയിലേക്ക് പോയിരിക്കുന്നു എന്നതാണ് സത്യം.
കേരളത്തിലെ പ്രചാരത്തില്‍ മുമ്പിലുള്ള ഒരു ആഴ്ചപ്പതിപ്പില്‍ ജോലിചെയ്യുന്ന എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ഒരു അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.
സൗമ്യ എന്ന പെണ്‍കുട്ടിയുടെ മരണം കഴിഞ്ഞയുടനെ അതിനെക്കുറിച്ച് മാത്രം അവിടെവന്ന
കത്തുകളുടെ എണ്ണം 1297 എണ്ണമായിരുന്നു. ഓരോ കത്തിലും മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന
ആ സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന വിലാപമായിരുന്നു.
അതില്‍ 20 എണ്ണം മാത്രമായിരുന്നു പെണ്‍സൃഷ്ടികള്‍. വേദനിച്ചവരിലധികവും സഹോദരന്‍മാര്‍.
അന്ന് ആ സംഭവം വായിച്ച് ഞാനും ഏറെ വിഷമിച്ചു. ഗോവിന്ദച്ചാമിയെ കൈയില്‍കിട്ടിയാല്‍ വെച്ചേക്കില്ലെന്നുവരെ ഈയുള്ളവള്‍ക്ക് അന്നുതോന്നിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആകെ അമ്പരപ്പിലാണ്.
'ബസ്സില്‍ പോക്കറ്റടിച്ചയാള്‍ യാത്രക്കാരുടെ മര്‍ദനമേറ്റ് മരിച്ചു' എന്ന് പത്രങ്ങള്‍ തലക്കെട്ടിട്ട് അധിക്ഷേപിച്ച ഒരു നിപരാധിയുടെ ആത്മാവിനുവേണ്ടി വിലപിക്കാന്‍ ഇവിടെ ഒരുത്തനുമില്ലേ?
പിറ്റെ ദിവസം പത്രങ്ങള്‍ തന്നെ പോക്കറ്റടിച്ചെന്ന് ആരോപണവിധേയനായ ആള്‍ എന്ന് മാറ്റിയെഴുതിയതോടെ പത്രധര്‍മ്മം പാലിക്കപ്പെട്ടു! മുമ്പ് പറഞ്ഞ ആഴ്ചപ്പതിപ്പിന് ദിവസമിത്രയായിട്ടും ഈ വിഷയത്തില്‍
കിട്ടിയത് അഞ്ചില്‍താഴെ കത്തുകള്‍. അതും പ്രതിഷേധക്കുറിപ്പുകള്‍. ഇവിടെ വിലപിക്കുന്നതിനും വേദനിക്കുന്നതിലും പ്രതിഷേധിക്കുന്നതിലുംവരെ വേദന എന്ന വികാരത്തിലുപരി
താന്‍ ശ്രദ്ധിക്കപ്പെടണമെന്ന വികാരവുമുണ്ടോ എന്ന് തോന്നിപ്പോകുന്നു.
ഒരു പെണ്‍കുട്ടിമരിച്ചാല്‍ വികാരപ്രകടനങ്ങളുടെ ഘോഷയാത്ര!
പണ്ട് ഇടപ്പാളില്‍ ബസ്സില്‍ മോഷണം നടത്തിയ സ്ത്രീയെ നാട്ടുകാര്‍ കൈകാര്യം
ചെയ്തപ്പോള്‍ മീഡിയയടക്കം അതിനെ ചോദ്യംചെയ്ത് മുന്നോട്ടുവന്നു.
മനുഷ്യാവകാശ കമ്മീഷന്‍ ഉണര്‍ന്നു. സ്ത്രീ സംഘടനകള്‍ ഉണര്‍ന്നു..
ഇന്ന് വെറുമൊരു പ്രതിഷേധത്തിനും വികാരപ്രകടനങ്ങള്‍ക്കുമപ്പുറം രഘുവിന്റെ മരണം ഒരു സാധാരണ സംഭവമായി മാറി. രഘു ആണായത് അയാളുടെ തെറ്റല്ലല്ലോ? ഇവിടെ രഘുവിന് പകരം രാധ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകള്‍ക്ക് കിടപ്പറയില്‍പ്പോലും സമത്വം നല്‍കാത്ത ഈ നാട്ടില്‍ മരണമടഞ്ഞാല്‍മാത്രം ഏറ്റുപിടിക്കാന്‍ ആളുകള്‍ ക്യൂവാണ്.
അവിടെ ശ്രദ്ധ കൂടുതല്‍ കിട്ടുമല്ലോ... ആണിന്റെ മരണത്തിന് കമന്റിട്ടാല്‍ ആര് ശ്രദ്ധിക്കാന്‍ അല്ലേ??? വിവാദത്തില്‍പ്പോലും ലിംഗം നിര്‍ണ്ണയിക്കുന്നവരായി കേരള സമൂഹം അധപതിച്ചുകഴിഞ്ഞു.
ഒരു പക്ഷെ, സൗമ്യയുടെ മരണത്തേക്കാള്‍ ദാരുണമായിരുന്നു രഘുവിന്റെ മരണം. സൗമ്യ ഒരു കാമഭ്രാന്തന്റെ ഇരയാകുകയായിരുന്നെങ്കില്‍ രഘു ഒരു സമൂഹത്തിന്റെ മുഴുവനും ഇരയാണ്. സൗമ്യയെ രക്ഷിക്കാന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആരുമുണ്ടായിരുന്നില്ല. അത് റെയില്‍വേയുടെ വീഴ്ച (ചെറ്റത്തരമെന്ന് നാട്ടുഭാഷ!). എന്നാല്‍ രഘുവിന് ചുറ്റും മനസ്സാക്ഷിയില്ലാത്ത ഒരുകൂട്ടം ആളുകളുണ്ടായിരുന്നു. ഒരു സംശയത്തിന്റെ പേരില്‍ ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ അന്തം വിട്ടുനില്‍ക്കാനും അതില്‍ ഇടപെടാതെ കണ്ടുനില്‍ക്കാനുമുള്ള മനസ്സ് നമ്മള്‍ ഓരോരുത്തരും നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ആരോ ഗൂഗിള്‍ ചെയ്തപോലെ യുവനടന്‍മാരുടെ മുഖകാന്തിയും ബ്രാന്‍ഡഡ് ഷര്‍ടും ഷൂവുമില്ലാത്തവന്‍മാരെല്ലാം പോക്കറ്റടിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍പ്പെടുത്തുകയാണ് ഇന്ന് നമ്മുടെ സമൂഹം.
ഇനിയും നാം വിലപിക്കും അടുത്ത കുരുതി ഉണ്ടാവുമ്പോള്‍... അതുവരെ വിട...
അതു ചിലപ്പോള്‍ ഞാനായിരിക്കാം , നിങ്ങളായിരിക്കാം...
Friday, October 21, 2011
Monday, July 26, 2010
നിനക്കായ്..

എങ്ങനെയോ വന്നുചേര്‍ന്ന സൗഹൃദം
ഒരു സ്വപ്‌നം പോലെ........
ഏതോ കോണില്‍വെച്ച് കണ്ടുപിരിഞ്ഞവര്‍
ഓര്‍മകള്‍ മാത്രമായിരുന്നു ബാക്കി..
അതും നേര്‍ത്ത മൂടലാല്‍ മറഞ്ഞ ഓര്‍മ്മകള്‍!!
എങ്കിലും നീ തേടിയെത്തി...
ഓര്‍മകള്‍ക്ക് നിറം നല്‍കാന്‍..
നിന്റെ ഓര്‍മകള്‍ എത്ര ശക്തമാണ്...
അസൂയ തോന്നുന്നു നിന്നോട്........
സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ (കപടം)
ലംഘിക്കുവെന്ന തോന്നലില്‍ഒരു
പൂര്‍ണ്ണവിരാമമിട്ടിരുന്ന ബന്ധം.
വര്‍ഷങ്ങള്‍ക്കപ്പുറം, കൃത്യമായി
ഒരു വ്യാഴവട്ടക്കാലത്തിനുശേഷം
ആ വിരാമത്തെ അര്‍ധോക്തിയില്‍നിര്‍ത്തി
നീ അമര്‍ത്തിച്ചിരിക്കുന്നു...
ഇപ്പോള്‍ എല്ലാം തെളിഞ്ഞുവരുന്നു
ആ മൈതാനവും കാല്‍വെയ്പുകളും
നോട്ടവും ചിരിയും തമാശകളുമെല്ലാം...
അതില്‍ നേര്‍ത്ത ചിത്രമായി നീയും...
കാലം മാറി, ചിന്തയ്‌ക്കൊപ്പം
നീയും ഞാനും മാറി
എങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ നീയെത്തി...
അത്ഭുതംപോലെ..
ഒരിക്കലും മായ്ക്കാനാവാത്ത സൗഹൃദമായി
എന്റെ മനസ്സില്‍ സ്‌നേഹം കോരിയിട്ടുവന്ന
പ്രിയസുഹൃത്തേ...നന്ദി...ഒരുപാട് നന്ദി..
Subscribe to:
Posts (Atom)